മുതലപ്പൊഴി അഴിമുഖത്തെ സ്ഥിതി വിലയിരുത്താൻ വിദഗ്ദ്ധസംഘം സന്ദർശനം നടത്തി.

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തെ സ്ഥിതി വിലയിരുത്താൻ സി.ഡബ്ലിയു.പി.ആർ.എസ് (CWPRS) വിദഗ്ദ്ധരും, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സന്ദർശനം. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന്റെ ഭാഗമായുള്ള ചരക്ക് നീക്കത്തിനായി മുതലപ്പൊഴി അഴിമുഖത്തിന്റെ പൊളിച്ചു നീക്കിയ പുലിമുട്ട് പുനസ്ഥാപിച്ച മേഖലയിലാണ് വിദഗ്ദ്ധസംഘം പ്രധാനമായും സ്ഥിതിഗതികൾ വിലയിരുത്തിയത്.

സന്ദർശനസംഘം ഈ മേഖലയിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ട്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുവാൻ ഹാർബർ ഇഞ്ചിനീയറിങ് വകുപ്പിന് വിദഗ്ദ്ധസംഘം നിർദ്ദേശം നൽകി. മാർച്ച്‌ മാസത്തോടെ ഇതിന്റെ പ്രവർത്തികൾ ആരംഭിക്കുമെന്നും ഹാർബർ ഇഞ്ചിനീയറിങ് വകുപ്പ്
അറിയിച്ചു.

ട്രെഡ്ജർ ഉപയോഗിച്ചാകും മണൽ നീക്കം, ഇതിനായി 2.05 കോടി ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ മുതലപ്പൊഴി തുറമുഖ വികസനത്തിനായി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ 177 കോടി രൂപയുടെ പദ്ധതികളുടെ ടെണ്ടർ ഓപ്പണിംഗ് മാർച്ച്‌ 7 ന് ഉണ്ടാകുമെന്നും, ഇതിൽ തുറമുഖ മുലിമുട്ട് നീളം കൂട്ടുന്നതുൾപ്പെടെയുള്ള പദ്ധതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.

സയന്റിസ്റ്റ് ജീവേശ്വർ സിൻഹ, എ കെ സിംഗ്,
എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ ജിഎസ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിബിൻ വി,
അരുൺ മാത്യൂസ് തുടങ്ങിയവർ വിദഗ്ദ്ധ സംഘത്തിലുണ്ടായിരുന്നു