ചെങ്ങന്നൂരില്‍ നിന്നും സുഹൃത്തിനോടൊപ്പം മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോയ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി എസ്. ജോജു (42) നെയാണ് കാണാതായത്. ജോജുവിന്റെ സുഹൃത്ത് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇയാളോട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
ഇക്കഴിഞ്ഞ ഒമ്പതിനാണ് അയല്‍ക്കാരനായ സുഹൃത്തിനൊപ്പം ജോജു ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം പ്രയാഗ്‌രാജിലേക്ക് പോയത്. പിന്നീട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു
12ന് ജോജു ഒപ്പമുള്ള അയല്‍ക്കാരനായ കുടുംബ സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ചിരുന്നു. തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചതായും 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നും തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയതായും അന്ന് പറഞ്ഞിരുന്നു. ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കില്ല. എന്നാല്‍ ജോജുവിനെ കൂട്ടിക്കൊണ്ടു പോയ സൃഹൃത്ത് 14നു തന്നെ നാട്ടിലെത്തുകയും ചെയ്തു. ഇതറിഞ്ഞ ജോജുവിന്റെ കുടുംബം വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ജോജുവും താനും ഒരുമിച്ചാണ് പ്രയാഗിലെത്തിയതെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത ശേഷം ഇറ്റാര്‍സിയിലെ താമസ സ്ഥലത്തു തിരിച്ചെത്തി. അതിനിടെ കുംഭമേളക്ക് തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ അവരെ കൂട്ടി പ്രയാഗില്‍ പോയതായും തിരിച്ചു വരുമ്പോള്‍ ജോജുവിനെ താമസ സ്ഥലത്തു കണ്ടില്ലെന്നും ഇയാള്‍ പറയുന്നു. കുംഭമേളയുടെ ഭാഗമായി ഇരുവരും നദിയില്‍ മുങ്ങിക്കളിക്കുന്ന ദൃശ്യം അയല്‍വാസിയുടെ ഫോണില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്‍ പങ്കെടുത്ത ശേഷം കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ സംഭവം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.