വെടിക്കെട്ടുള്ളിടത്തേക്ക് ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നത് ഒഴിവാക്കേണ്ടതല്ലേ?- ഹൈകോടതി

വെടിക്കെട്ടുള്ളിടത്തേക്ക് ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നത് ഒഴിവാക്കേണ്ടതല്ലേയെന്ന് ഹൈകോടതി. വെടിക്കെട്ടുള്ളിടത്ത് ആനകളെ കൂച്ചുവിലങ്ങിടാതെ നിര്‍ത്താന്‍ പറ്റില്ലെന്ന് പറയുന്നതിന്റെ പൊരുള്‍ ആ ശബ്ദം ആനകള്‍ക്ക് അലോസരപ്പെടുത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറും ഗുരുവായൂര്‍ ദേവസ്വവുമടക്കം നിലപാട് വ്യക്തമാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ രണ്ട് ആനകള്‍ വിരണ്ടോടിയതിനെത്തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചിരുന്നു. ആനകള്‍ക്കും സംഭവത്തിനിടെ പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിലാണ് വെടിക്കെട്ട് നടക്കുന്നിടത്ത് ആനകളെ കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയില്ലെങ്കില്‍ ഭയന്നോടാനിടയുണ്ടെന്ന് പരാമര്‍ശിക്കുന്നത്.



100 മീറ്റര്‍ അകലെയാണെങ്കിലും വെടിക്കെട്ടിന്റെ ശബ്ദം ആനകള്‍ക്ക് അലോസരമുണ്ടാക്കാമെന്നും കോടതി വിലയിരുത്തി. ഹരജിയില്‍ മാര്‍ച്ച് നാലിന് വിശദവാദം നടക്കും.