ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്

ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. ആദ്യമായി രൂപയുടെ മൂല്യം 87.02 ആയി. പ്രധാന വ്യാപാര പങ്കാളികള്‍ക്ക് ട്രംപ് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യവും ഡോളറിനെതിരെ ഇടിഞ്ഞത്. 0.5 ശതമാനം ഇടിവാണ് രൂപയ്ക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 67 പൈസയാണ് ഇടിഞ്ഞിരിക്കുന്നത്.

അതേസമയം കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവുമെന്ന ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ട്രംപിന്റെ പുതിയ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലെത്തും.

ഡോളര്‍ ഇന്‍ഡക്സില്‍ യുഎസ് ഡോളര്‍ 0.3 ശതമാനം ഉയര്‍ന്ന് 109.8-ല്‍ എത്തി. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികളും ഇന്ത്യന്‍ രൂപയെപ്പോലെ തിരിച്ചടി നേരിടുന്നുണ്ട്. ചൈനീസ് യുവാന്‍ ഡോളറിനെതിരെ 0.5 ശതമാനമാണ് ഇടിഞ്ഞത്.