ചിറയിൻകീഴ് താലൂക്കിൽ അനധികൃത ഭക്ഷണനിർമാണ കേന്ദ്രങ്ങളും വ്യാപാരകേന്ദ്രങ്ങളും വർധിക്കുന്നു

ആറ്റിങ്ങൽ : ചിറയിൻകീഴ് താലൂക്കിൽ അനധികൃത ഭക്ഷണനിർമാണ കേന്ദ്രങ്ങളും വ്യാപാരകേന്ദ്രങ്ങളും വർധിക്കുന്നു. ആരോഗ്യവകുപ്പിന്റെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ തദ്ദേശ സ്വയംഭരണവകുപ്പിന്റെയോ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്താനോ നടപടികളെടുക്കാനോ അധികൃതർ തയ്യാറാകുന്നില്ല.

ദേശീയപാതയോരത്തും മറ്റ് വഴിയോരങ്ങളിലും ഷെഡ്ഡ്‌ കെട്ടിയും ഉന്തുവണ്ടികളിലുമൊക്കെ രാവും പകലും ഭക്ഷണവില്പന നടക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ് പലയിടത്തും വിൽക്കുന്നതെന്ന ആക്ഷേപമുണ്ട്. ഈ കേന്ദ്രങ്ങളിൽ പലഹാരങ്ങളും ചായയും മാത്രമല്ല ദോശ, പെറോട്ട എന്നിവയും മാംസാഹാരങ്ങളും തയ്യാറാക്കി വിൽക്കുന്നുണ്ട്. ശുചിത്വമില്ലാത്ത ചുറ്റുപാടുകളിലാണ് ഇവ തയ്യാറാക്കുന്നത്. പാചകം ചെയ്യുന്നവർക്കുപോലും ഹെൽത്ത് കാർഡില്ല. മിക്കയിടങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്.

പാചകത്തിന്‌ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെന്ന് ആക്ഷേപമുണ്ട്. നിലവാരം കുറഞ്ഞ എണ്ണയാണ് ഉപയോഗിക്കുന്നത്. അതും ആവർത്തിച്ചുപയോഗിച്ച് കരി ഓയിൽപോലെ ആയാലും മാറ്റാറില്ല. അതിലേക്ക് പുതിയ എണ്ണ ഒഴിച്ചാണ് പലഹാരങ്ങൾ തയ്യാറാക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു.

ഗ്രാമപ്രദേശങ്ങളിൽ വീടുകൾ വാടകയ്‌ക്കെടുത്ത് പലഹാരങ്ങളുണ്ടാക്കി മുന്തിയ ഹോട്ടലുകളിലുൾപ്പെടെ എത്തിക്കുന്ന സംഘങ്ങൾ വർഷങ്ങളായി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. മിക്‌സ്ചർ, ചിപ്‌സ്, കപ്പലണ്ടി മിഠായി, വറുത്ത കപ്പലണ്ടി, മസാലചേർത്ത കപ്പലണ്ടി, മധുരസേവ, അച്ചപ്പം, മുറുക്ക് തുടങ്ങിയവയാണ് ആദ്യകാലത്ത് ഇവർ ഉത്‌പാദിപ്പിച്ചിരുന്നത്. ഇപ്പോൾ ഇഡ്ഡലി, ഇടിയപ്പം, പുട്ട്, ദോശ, പെറോട്ട, അപ്പം തുടങ്ങിയവയെല്ലാം ഇവർ തയ്യാറാക്കി ഹോട്ടലുകളിലെത്തിക്കും. വിലയുടെ 30 ശതമാനം കുറച്ചാണ് ഇവർ ഹോട്ടലുകൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നത്.

ഭക്ഷണമുണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാകുകയും ലാഭം കിട്ടുകയും ചെയ്യുമെന്നതിനാൽ മിക്ക ഹോട്ടലുകളും ഇവരുടെ ഭക്ഷണം വിളമ്പുന്നതിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ദിവസവും ആവശ്യമുള്ള പലഹാരത്തിന്റെ എണ്ണം തലേന്ന് രാത്രി എട്ടോടെ അറിയിച്ചാൽ മതി. രാവിലെ സാധനം എത്തും. വൈകീട്ടത്തേയ്ക്കുള്ള എണ്ണപ്പലഹാരങ്ങളും ഇവർ തന്നെ തയ്യാറാക്കി എത്തിക്കും. എല്ലാത്തിനും 30 ശതമാനം ലാഭം കടക്കാരന് കിട്ടും.

മലിനമായ ചുറ്റുപാടുകളിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌. തുറന്ന സ്ഥലത്ത്‌ പ്രവർത്തിക്കുന്ന വഴിയോരക്കടകളെ ഒഴിവാക്കി ഹോട്ടലുകളിൽനിന്ന് കഴിക്കാമെന്ന് വെച്ചാലും ഈ ലോബിയുടെ പിടിയിൽനിന്ന് രക്ഷയില്ല. വാണിജ്യാടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിച്ച് പാചകവും വില്പനയും നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ഉണ്ടാക്കുന്നതും വിൽക്കുന്നതുമായ ഭക്ഷ്യവസ്തുക്കൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. എന്നാൽ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കാനോ പരിശോധന നടത്താനോ അധികൃതർ തയ്യാറാകുന്നില്ല.

ഉപജീവനത്തിനുവേണ്ടി ധാരാളം പേർ ഭക്ഷണവില്പന നടത്തുന്നുണ്ടെന്ന് അധികൃതർ പറയുന്നു. അവരെ ബോധവത്കരിക്കുകയും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശിക്കുകയും ചെയ്യാറുണ്ടെന്നും പറയുന്നു. അതേസമയം ഈ മേഖലയിലെ നീരാളികളും ഈ ആനുകൂല്യം പറ്റി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.