വാമനപുരം ആറ്റിൽ ഒഴുക്ക് നിലയ്ക്കുന്നു: പൂവൻപാറ തടയണയുടെ ഉയരം കൂട്ടാൻ നടപടി തുടങ്ങി

ആറ്റിങ്ങൽ : വാമനപുരം ആറ്റിൽ ഒഴുക്കിന് ശക്തി കുറഞ്ഞു. പൂവമ്പാറയിലെ തടയണയ്ക്കു മുകളിലൂടെ വളരെ കുറഞ്ഞ അളവിലുള്ള വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുകുന്നത്. തടയണയുടെ പല ഭാഗത്തുകൂടിയും നീരൊഴുക്ക് ഇല്ലാതായിട്ടുണ്ട്. ഇപ്പോഴുള്ള ഒഴുക്ക് ദിവസങ്ങൾക്കുള്ളിൽ നിലച്ച് ആറ് തടയണയ്ക്കുള്ളിലേക്കു ചുരുങ്ങിയേക്കും. പരമാവധി വെള്ളം സംഭരിച്ചു നിർത്താനായി തടയണയുടെ ഉയരം താത്‌കാലികമായി കൂട്ടാനുള്ള നടപടികൾ ജല അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.

തടയണയ്ക്കു മുകളിൽ നിർമിച്ചിട്ടുള്ള സുഷിരങ്ങളിൽ ഇരുമ്പ് പൈപ്പ് ഇറക്കിനിർത്തി ഷീറ്റുകൊണ്ട് ഇരുവശവും അടച്ച് നടുക്ക് മണ്ണുനിറച്ച ചാക്കുകൾ അടുക്കി ടാർപ്പാളിൻകൊണ്ട് പൊതിഞ്ഞുകെട്ടിയാണ് ഉയരം കൂട്ടുക. 2.7 മീറ്ററാണ് തടയണയുടെ ഇപ്പോഴത്തെ ഉയരം. ഇത് ഒരു മീറ്റർകൂടിയാണ് ഉയർത്തുന്നത്.

തടയണയുടെ ഉയരം കൂട്ടാനായി ചാക്കുകളിൽ നിറയ്ക്കാനുള്ള മണ്ണ് നദിക്കരയിൽ എത്തിച്ചിട്ടുണ്ട്. ഇനി ഇത് ചാക്കുകളിൽ നിറയ്ക്കുന്നതും അത് തടയണയ്ക്ക് മുകളിൽ സ്ഥാപിക്കുന്നതുമായ ജോലികളെല്ലാം നടത്തേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയായില്ലെങ്കിൽ തടയണയുടെ ഉയരം കൂട്ടുന്നതുകൊണ്ടുള്ള പ്രയോജനം ലഭിക്കാതെ വരും.

വേനൽ കനത്തതോടെ പല മേഖലകളിലും കുടിവെള്ളപ്രശ്‌നം അലട്ടിത്തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും മൂന്നുകോടി ലിറ്റർ വെള്ളമാണ് വാമനപുരം ആറ്റിൽനിന്ന് ഇപ്പോൾ ശേഖരിക്കുന്നത്. ചിറയിൻകീഴ്, വർക്കല താലൂക്കുകൾക്കു പുറമേ കഴക്കൂട്ടം മേനംകുളം പദ്ധതിക്കുവേണ്ടിയുള്ള വെള്ളവും വാമനപുരം ആറ്റിൽനിന്നാണെടുക്കുന്നത്. 2.5 ലക്ഷത്തോളം ഗാർഹിക കണക്ഷനുകളുണ്ട്. എല്ലാ പദ്ധതികൾക്കും ആവശ്യമായ വെള്ളം ഉറപ്പാക്കാൻ മുൻവർഷങ്ങളിൽ ജല അതോറിറ്റി ഏറെ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞവർഷം വെള്ളം എടുക്കാനില്ലാതെ കിളിമാനൂർ പദ്ധതി ദിവസങ്ങളോളം നിർത്തിവെക്കേണ്ടിയും വന്നു.

ജലത്തിന്റെ ഉപഭോഗം വൻതോതിൽ ഉയർന്നിട്ടുണ്ട്. ഗാർഹികേതര ആവശ്യങ്ങൾക്ക് പൈപ്പ് വെള്ളം എടുക്കുന്നതിന് നിയന്ത്രണങ്ങളും ഉടനുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു.