ഇടവ : വേനലിന്റെ തുടക്കത്തിൽത്തന്നെ ഇടവ ഗ്രാമപ്പഞ്ചായത്തിലെ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി. കിണറുകൾ വറ്റിത്തുടങ്ങിയതും ജല അതോറിറ്റിയുടെ വെള്ളം ലഭിക്കാത്തതുമാണ് ശുദ്ധജലക്ഷാമത്തിന് കാരണമാകുന്നത്. നാലാം വാർഡായ പാറയിൽ നാലുമുക്ക്, മുള്ളുവിള, പഴവിള ഭാഗങ്ങളിൽ ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. വാട്ടർ കണക്ഷനുള്ള പത്തോളം വീടുകളിൽ കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം എത്തുന്നില്ല. കാട്ടുവിളയിൽ പ്രവർത്തിക്കുന്ന ഊറ്റുകുഴി വാട്ടർ സപ്ലൈ സ്കീമിൽ നിന്നാണ് കുടിവെള്ളം ലഭ്യമാകേണ്ടത്.
ഇതിൽ പലരും സ്വന്തമായി കിണർ ഇല്ലാത്തവരാണ്. അതിനാൽ കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ട സ്ഥിതിയാണ്. ഊറ്റുകുഴി സ്കീമിൽനിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പലർക്കും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. പമ്പ് ചെയ്യുമ്പോഴുള്ള മർദത്തിന്റെ കുറവാകാം എല്ലായിടത്തും കുടിവെള്ള ലഭ്യതയ്ക്ക് തടസ്സമാകുന്നത്. എല്ലാവർക്കും ഒരുപോലെ ജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പഞ്ചായത്തിലും ജല അതോറിറ്റിയിലും പ്രദേശവാസികൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളുടെ ഭാഗമായ ചീനക്കാവ് പ്രദേശത്തും മാസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വാട്ടർ കണക്ഷൻ ലഭിച്ചിട്ടുള്ളവരും, ഇല്ലാത്തവരും, കിണറില്ലാത്തവരും പരാതികളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ഭാഗത്ത് കിണറില്ലാത്തവർ വളരെയുണ്ട്. കിണർ കുഴിച്ചാൽത്തന്നെ ജലലഭ്യതയും കുറവാണ്. പലവിധ തടസ്സങ്ങളാൽ വാട്ടർ കണക്ഷൻ ലഭിക്കാത്തവരും നിരവധിയാണ്. മറ്റിടങ്ങളിൽപ്പോയി കുടിവെള്ളം ശേഖരിക്കുകയോ, വിലകൊടുത്ത് കുടിവെള്ളം വാങ്ങുകയോ ചെയ്യുകയാണ് ചെയ്യുന്നത്.
വെൺകുളം ശാസ്താക്ഷേത്രത്തിനു സമീപമുള്ള പൊയ്ക വാട്ടർ സപ്ലൈ സ്കീമിൽ നിന്നാണ് ചീനക്കാവ് പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്നത്. നവീകരണത്തിന്റെപേരിൽ പദ്ധതി നിർത്തിവെച്ചതിനാൽ ഇവിടെനിന്നും കുടിവെള്ളം ലഭിക്കാതായി.
പുതിയ ജലസംഭരണിയുടെ നിർമാണം അനിശ്ചിതത്വത്തിലാണ്. അരലക്ഷത്തിലധികം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റിയിരുന്നു.
പുതിയ ജലസംഭരണിയുടെ അടിസ്ഥാനം സ്ഥാപിക്കാനായി കുഴിയെടുത്തെങ്കിലും മൂന്നുവർഷമായി അതേപടി തുടരുകയാണ്.
ചീനക്കാവ് പ്രദേശത്ത് താത്‌കാലികമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് വാമനപുരം പദ്ധതിയുമായി യോജിപ്പിച്ചെങ്കിലും, ഇവിടെ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം ആഴ്ചകൾ ഇടവിട്ടാണ് ലഭിക്കുന്നത്. വേനൽ കടുക്കുമ്പോൾ പഞ്ചായത്തിന്റെ ദാഹമകറ്റാൻ പൊയ്ക പോലുള്ള ചെറുകിട പദ്ധതികൾ അത്യാവശ്യമാണ്.