എല്ലാ യാത്രയിലും ദിലീപിനൊപ്പം, ജോർജ്ജിയക്ക് പോകാനൊരുങ്ങവേ ദാരുണാപകടം; ദമ്പതികളുടെ അന്ത്യവിശ്രമവും ഒന്നിച്ച്.പോത്തൻകോട് വാഹനാപകടത്തിൽ ദമ്പതിമാർക്ക് നാടിന്റെ അന്ത്യാജ്ഞലി

തിരുവനന്തപുരം: പോത്തൻകോട് വാഹനാപകടത്തിൽ ദമ്പതിമാർക്ക് നാടിന്റെ അന്ത്യാജ്ഞലി. സേഫ്റ്റി ഓഫീസറായ ദിലീപിന് പ്രമോഷൻ ലഭിച്ച് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തവും തേടിയെത്തിയത്. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങളായിരുന്നെങ്കിലും ഇവരുവരും തമ്മിൽ കാണുന്നത് വർഷത്തിലൊരിക്കൽ മാത്രമായിരുന്നു. ഒരുമാസം മുമ്പ് ലീവിനെത്തിയതിന് ശേഷം പ്രമോഷൻ ലഭിച്ചതിന്‍റെ ആഘോഷങ്ങൾക്കിടയൊണ് പോത്തൻകോട് അയിരൂപ്പാറ അരുവിക്കരക്കോണം ദിവ്യാ ഭവനിൽ ജി.ദിലീപ് (40), ഭാര്യ നീതു (30) എന്നിവരുടെ ജീവൻ അപ്രതീക്ഷിതമായെത്തിയ അപകടം കവർന്നെടുത്തത്. 
ചുരുക്കം നാളുകൾ മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഇരുവരും അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ഒരുമിച്ച് യാത്രയായി. കോവിഡ് കാലത്തായിരുന്നു ഇരുവരും വിവാഹിതരായത്. വർഷങ്ങളായി ദിലീപ് കെനിയയിൽ സേഫ്റ്റി ഓഫിസറായിരുന്നു. വിവാഹ ശേഷം ഒന്നു രണ്ടു വട്ടം വന്നു പോയി. നാട്ടിലെത്തുമ്പോൾ ഏതു യാത്രയിലും ദിലീപ് നീതുവിനെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. നീതു സമീപത്തെ ഒരു ഭക്ഷണ സംസ്കരണശാലയിലെ ജീവനക്കാരിയായിരുന്നു. തിരിച്ച് മടങ്ങാനുള്ള ഒരുക്കൾ നടക്കുന്നതിനിടെ ഭാര്യയുടെ വീട്ടിലേക്ക് പോയി മടങ്ങിയ യാത്രയാണ് ഇരുവരുടേയും അവസാന യാത്രയായിമാറിയത്. കെനിയയിൽ നിന്നും പ്രമോഷൻ ലഭിച്ച് ജോർജ്ജിയയിലേക്കായിരുന്നു അടുത്ത പോസ്റ്റിങ്. ഇവിടേക്ക് പോകുന്നതിനുള്ള തയാറെടുപ്പുകളിലായിരുന്നു ദിലീപ്. 
ശനിയാഴ്ച രാത്രി പോത്തൻകോട് പൗഡിക്കോണം റോഡിൽ എതിർദിശയിൽ നിന്നു വന്ന ബൈക്കിന്‍റെ അമിത വേഗമാണ് ദമ്പതികളുടെ ജീവൻ നഷ്ടപ്പെടുത്തിയത്. ബൈക്കോടിച്ച യുവാക്കളും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു സംസ്കാരം. ഒരുമിച്ചുള്ള യാത്രകൾ നിറഞ്ഞ ജീവിതത്തിനൊടുവിൽ ദമ്പതികളെ മരണം കൊണ്ടുപോയെങ്കിലും രണ്ടുപേർക്കും അടുത്തടുത്തായാണ് അന്ത്യവിശ്രമത്തിന് ബന്ധുക്കൾ ഇടം ഒരുക്കിയത്. പൗഡിക്കോണം നെല്ലിക്കവിളയിൽ നീതുവിന്‍റെ കുടുംബവീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു എതിർ ദിശയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ദമ്പതികൾ സഞ്ചരിക്കുന്ന ബൈക്കിൽ ഇടിച്ചു കയറിയത്. 

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ പിന്നിലിരുന്ന നീതു തെറിച്ചു സമീപത്തെ മതിലിനു മുകളിലൂടെ വീടിന്‍റെ ചുവരിലിടിച്ചു വീഴുകയായിരുന്നു. ദിലീപ് റോഡിലേക്കും വീണു. ഇരുവരും അബോധാവസ്ഥയിലായിരുന്നു.നീതുവിനെ ഏറെ സമയം കഴിഞ്ഞാണ് കണ്ടെത്തിയത്. ഇരുവരെയും മെഡിക്കൽകോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർക്ക് മക്കളില്ല. ഇടിച്ച ബൈക്കിലുണ്ടായിരുന്ന പോത്തൻകോട് പ്ലാമൂട് ചെറുകോണത്തുവീട്ടിൽ സച്ചു (22)വും സുഹൃത്ത് കാട്ടായിക്കോണം സ്വദേശി അമൽ (അമ്പോറ്റി –22) യും മെഡിക്കൽകോളെജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.