തൃശൂര്‍ കുന്നംകുളത്ത് റോഡരികില്‍ വലിച്ചെറിഞ്ഞ മാലിന്യം കൊറിയറായി വീട്ടിലെത്തിച്ച് പിഴയീടാക്കി കുന്നംകുളം നഗരസഭ. പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥന്‍ വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് പിഴ ഈടാക്കിയത്.
കുന്നംകുളം നഗരസഭാ ശുചീകരണ ജീവനക്കാരനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിക്കുന്നത്. തുടര്‍ന്ന് ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും, ശീതള പാനീയങ്ങളുടെ കുപ്പിയും ഉള്‍പ്പെടെയാണ് വൃത്തിയായി പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് ലഭിച്ച മേല്‍വിലാസം അടങ്ങിയ ബില്ലില്‍ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് കൊറിയര്‍ ഉണ്ടന്ന് പറഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടു. ലൊക്കേഷന്‍ അയച്ചു കൊടുത്തതിന് പിന്നാലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലെത്തി വലിച്ചെറിഞ്ഞ മാലിന്യം അയാള്‍ക്ക് തന്നെ നല്‍കി. നോട്ടീസ് നല്‍കിയതോടെ താനല്ല മാലിന്യം തള്ളിയതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 5000 രൂപ പിഴയും ഈടാക്കി.