കമലഹാസൻ രാജ്യസഭയി​ലേക്ക്

ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വത്തില്‍ കമലഹാസന്‍ രാജ്യസഭയിലെത്താനുള്ള സാധ്യത തെളിയുന്നു. ഇന്ന് രാവിലെ ഡി.എം.കെ. മന്ത്രി ശേഖര്‍ ബാബു കമലഹാസനെ കണ്ട് രാജ്യസഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണീ നടപടി. ജൂലൈയില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്ന് നല്‍കാനാണ് ഡി.എം.കെയുടെ തീരുമാനം. ആറെണ്ണത്തില്‍, കുറഞ്ഞത് നാല് സീറ്റിലെങ്കിലും അനായാസം വിജയിക്കാന്‍ ഡി.എം.കെക്ക് കഴിയും. അഞ്ച് രാജ്യസഭ സീറ്റ് വരെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഡി.എം.കെ കണക്ക് കൂട്ടല്‍.കമലഹാസന്‍ മത്സരിക്കാന്‍ തന്നെയാണ് സാധ്യത. ഇതിലൂടെ കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മൈയത്തിനെ ഒപ്പം നിര്‍ത്താമെന്ന കണക്ക് കൂട്ടലിലാണ് ഡി.എം.കെ. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ താര പ്രചാരകനായി കമലഹാസനെ ഉയര്‍ത്തികാണിക്കാനും ആലോചനയുണ്ട്.

കേന്ദ്ര സര്‍ക്കാറിനോട് സന്ധിയില്ലാതെ പോരാടുന്ന കമലഹാസന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നാണ് സ്റ്റാലിന്റെ കണക്ക് കൂട്ടല്‍. മുന്‍പ് കോയമ്പത്തൂരില്‍ മത്സരിക്കാനുള്ള താല്‍പര്യം കമലഹാസന്‍ ഡി.എം.കെ നേതൃത്വത്തോട് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ, നേരത്തെ തന്നെ ഡി.എം.കെ. സീറ്റ് ഉറപ്പ് നല്‍കിയതാണെന്ന് മക്കള്‍ നീതി മൈയം വക്താക്കള്‍ പറയുന്നു.