തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ കൊട്ടിയം പറക്കുളത്ത് റോഡിന് വടക്കുഭാഗത്തുള്ള പെട്രോൾ പമ്പിൽ ആയിരുന്നു സംഭവം. സിഎൻജിയും പെട്രോളും ഇന്ധനമായി ഉപയോഗിക്കുന്ന കാറിൽ പെട്രോൾ അടിച്ചു കൊണ്ട് നിൽക്കേ ഉഗ്ര ശബ്ദത്തോടെ ബാറ്ററി ഭാഗത്തുനിന്നും സിഎൻജി നിറയ്ക്കുന്ന ഭാഗത്ത് നിന്നും പുകയും ഉയരുകയായിരുന്നു സംഭവ സമയം പെട്രോളുമായി എത്തിയ വലിയ ടാങ്കർ ലോറിയും പെട്രോൾ അടിക്കാൻ എത്തിയവരും പമ്പിലുണ്ടായിരുന്നു.തീപിടിച്ച കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ കാറിനു പുറത്തു നിൽക്കുകയായിരുന്നു. ശബ്ദവും തീയും കണ്ട് ഇന്ധനം അടിക്കാൻ എത്തിയവരും പമ്പിൽ ഉണ്ടായിരുന്ന പലരും വാഹനം ഉപേക്ഷിച്ച് ഓടി മാറുകയായിരുന്നു.ഈ സമയം പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ കുണ്ടറ ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിനു കുമാർ ഉടൻ തന്നെ പമ്പിൽ ഉണ്ടായിരുന്ന എസ്റ്റിങ്കർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. സംഭവമറിഞ്ഞ് കൊല്ലത്തു നിന്നും ഫയർഫോഴ്സ് സംഘവും കൊട്ടിയം പൊലീസും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.