പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത

പൗഡിക്കോണം സുഭാഷ് നഗറിൽ പതിനൊന്നുകാരിയെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ. ആരാധികയെന്ന ആറാംക്ളാസുകാരിയെ ജനാലയിൽ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.


ഇന്നലെ ഉച്ചയ്ക്ക് കുട്ടി ഡാൻസ് ക്ലാസിൽപോയി വീട്ടിൽ തിരിച്ചെത്തിയ ശേഷം അനുജത്തി രുദ്രയെ അടുത്തവീട്ടിൽ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ടിരുന്നു. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ ആരാധിക തോർത്തുമെടുത്ത് കുളിക്കാൻ പോയശേഷമാണ് അനുജത്തി ഭക്ഷണം കഴിക്കാൻ പോയത്. ഇതിനിടെ കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ മാതാവ് അടുത്തവീട്ടിൽ ഫോൺ ചെയ്ത് കുട്ടികളെ തിരക്കിയിരുന്നു.

തുടർന്ന് അടുത്തവീട്ടിലെ വീട്ടമ്മ ആരാധികയെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് ചേച്ചിയെ വിളിച്ചു കൊണ്ടുവരുവാൻ ഇളയകുട്ടിയെ പറഞ്ഞുവിട്ടു. ഇളയകുട്ടി വീട്ടിലെത്തിയപ്പോൾ ആരാധിക ജനാലയ്ക്ക് സമീപം തോർത്തുമായി ചാരി നിൽക്കുന്നത് കണ്ടു. തിരികെ അടുത്ത വീട്ടിലെത്തിയ കുട്ടി ചേച്ചി വിളിച്ചിട്ട് വരുന്നില്ല, ജനാലയ്ക്കൽ തോർത്തുമായി നിൽക്കുന്നെന്നു പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ പോയി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.