തത്കാൽ ബുക്ക് ചെയ്യാൻ പറ്റുന്നില്ലേ…! ഇനി നിങ്ങൾക്ക് ഉറപ്പായും ടിക്കറ്റ് സ്വന്തമാക്കാം ഇതാ അതിനുള്ള വഴി

പെട്ടന്നൊരു യാത്ര ചെയ്യേണ്ട ആവശ്യം വന്നാൽ തത്കാൽ ടിക്കറ്റിനെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളില്ല. എന്നാൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവരായിരിക്കും മിക്ക ആളുകളും. കാത്തിരുന്ന് കൃത്യ സമയത്ത് ബുക്ക് ചെയ്യാൻ ശ്രമിച്ചാലും ബുക്ക് ചെയ്യാൻ പറ്റാതെ നിരാശരായവർക്ക് ഇതാ തത്കാൽ ബുക്ക് ചെയ്യാൻ ഉള്ള മാർ​ഗം. ഇത് ഒരു വളഞ്ഞ വഴിയൊന്നുമല്ല പക്ഷെ ഈ രീതിയിൽ നിങ്ങൾ തത്കാൽ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ 90% ഉറപ്പായും നിങ്ങൾക്ക് ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കും.

ആദ്യം അറി‍ഞ്ഞിരിക്കേണ്ട കാര്യം ബുക്ക് ചെയ്യേണ്ട സമയമാണ്. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പാണ് തത്ക്കാൽ ബുക്ക് ചെയ്യുന്നത്. പത്തു മണിക്ക് എസി ക്ലാസിലേക്കുള്ള തത്ക്കാൽ ടിക്കറ്റ് ബു​ക്കിങ് ആരംഭിക്കും പതിനൊന്ന് മണിക്കാണ് സ്ലീപ്പർ ടിക്കറ്റ് ബുക്കിങ് തുടങ്ങുക. പെട്ടന്ന് തന്നെ ടിക്കറ്റ് തീരും എന്നതിനാൽ ആദ്യം തന്നെ ബുക്ക് ചെയ്യാൻ നമ്മൾ തയ്യാറായി ഇരിക്കണം. ​വേ​ഗത്തിൽ ബുക്ക് ചെയ്യുന്നതിനായി ഹൈ സ്പീഡ് നെറ്റ്വർക്ക് നമ്മൾക്ക് ഉണ്ടായിരിക്കണം.


വേ​ഗത്തിൽ ചെയ്യാൻ തയ്യാറായി ഇരിക്കാം


ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ട്രെയിൻ എതാണെന്ന് നമ്മൾ ഉറപ്പാക്കിയിരിക്കണം. സമയത്ത് ട്രെയിൻ ഏതായിരിക്കണം എന്ന് തീരുമാനിക്കരുത്. ഇത് സമയം വൈകുന്നതിന് കാരണമാകും അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ട്രെയിൻ ഏതായിരിക്കണം എന്ന് ഉറപ്പ് ഉണ്ടായിരിക്കണം.

ഐആർസിടിസിയുടെ ആപ്പിൽ യാത്രക്കാരുടെ വിവരങ്ങൾ നേരത്തേ സെറ്റ് ചെയ്യാൻ പറ്റും. അതിനായി ആപ്പ് ഓപ്പൺ ചെയ്ത് അക്കൗണ്ട് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അതിൽ മൈ മാസ്റ്റർ ലിസ്റ്റ് എന്നു കാണാം. മാസ്റ്റർ ലിസ്റ്റിൽ ആഡ് പാസഞ്ചർ ക്ലിക്ക് ചെയ്ത് തത്ക്കാൽ ആർക്കാണോ ബുക്ക് ചെയ്യേണ്ടത് അവരുടെ പേരുവിവരങ്ങൾ നൽകുക. ഇങ്ങനെ ചെയ്തു വെച്ചാൽ ബുക്കിങ് സമയത്ത് ആളുകളുടെ പേര് വിവരങ്ങൾ ബുക്ക് ചെയ്യുന്ന സമയത്ത് എന്റർ ചെയ്യേണ്ടി വരില്ല.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരത്തെ ചേർത്തു വച്ചിരിക്കുന്ന യാത്രക്കാരുടെ പേരുവിവരങ്ങൾ ലഭിക്കും. അത് ടിക്ക് ചെയ്താൽ യാത്രക്കാരുടെ പട്ടികയിലേക്ക് ആഡ് ആയിക്കൊള്ളും. പക്ഷെ നോൺ എസി ടിക്കറ്റകൾ ബുക്ക് ചെയ്യുമ്പോൾ ഈ സൗകര്യം ഉപയോ​ഗിക്കാൻ സാധിക്കില്ല.

ഐആർസിടിസിയുടെ ഇ – വാലറ്റിൽ നേരത്തെ തുക നിക്ഷേപിച്ചു വെച്ചാൽ വേ​ഗത്തിൽ പേയ്മെന്റ് പൂർത്തിയാക്കാൻ സാധിക്കും. ഇത് ഓടിപി കാത്തിരുന്നു സമയം നഷ്ടപ്പെടുന്നത് ഇല്ലാതാക്കാനും സാധിക്കും.

ലോഗിൻ ചെയ്യേണ്ട സമയം
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നേരത്തെ ലോ​ഗിൻ ചെയ്യരുത് കാരണം കൃത്യം 11 മണിക്ക് ഒരു മിനിറ്റിൽ കൂടുതൽ സമയമായി ഓപ്പൺ ആയിരിക്കുന്ന എല്ലാ അക്കൗണ്ടുകളും ലോഗ് ഔട്ട് ആകും. ആയതിനാൽ നേരത്തെ ലോ​ഗിൻ ചെയ്താൽ വീണ്ടും ലോ​ഗിൻ ചെയ്യേണ്ടി വരും കൂടാതെ അപ്പോൾ ​ലോ​ഗിൻ ആകാൻ സമയം കൂടുതൽ എടുക്കുകയും ചെയ്യും. കൃത്യം 10.59ന് ലോ​ഗിൻ ചെയ്യാൻ ശ്രമിക്കുക. അപ്പോൾ കൃത്യ സമയത്ത് ബുക്ക് ചെയ്യാൻ സാധിക്കും.

കാപ്ചെ കൃത്യമായ നൽകാനും ശ്രമിക്കുക. ഇത്തരത്തിൽ ക്ഷമയോ‍ടെ ടൈം നോക്കി പ്ലാൻ ചെയ്താൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും എന്ന് അനുഭവസ്ഥൻ ഒപ്പ്…