വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവം; കൊലപാതകം, മകന്‍ കുറ്റം സമ്മതിച്ചു

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പൊലീസ്. മകന്‍ വിജയന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം. സ്ഥലം എഴുതി നല്‍കാത്തത് കൊലപാതകം നടത്താന്‍ പ്രകോപനമായി. മാന്നാര്‍ പൊലീസ് കേസെടുക്കും. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്.

വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെത്തിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.