പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ കട്ടക്കിൽ ഇന്ത്യ ഇറങ്ങുമ്പോൾ കാര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമാണ്. നാഗ്പൂരിൽ 68 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിന് ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്. അതേസമയം നാഗ്പൂരില്‍ നടന്ന ഒന്നാം ഏകദിനത്തിൽ പരിക്കുകാരണം കളിക്കാതിരുന്ന ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ഇന്നിറങ്ങുമെന്നാണ് സൂചന.
കോഹ്‌ലി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയാൽ നാഗ്പൂരിൽ കളിച്ച ടീമിൽ നിന്ന് ആരായിരിക്കും പുറത്തേക്ക് പോവേണ്ടി വരികയെന്നതാണ് ആശങ്കയുണർത്തുന്ന ചോദ്യം. ഒന്നാം ഏകദിനത്തില്‍ ശ്രേയസ് അയ്യരായിരുന്നു കോഹ്‌ലിക്ക് പകരം പ്ലേയിങ് ഇലവനിലേയ്ക്ക് എത്തിയത്. ലഭിച്ച അവസരം നന്നായി മുതലെടുത്ത ശ്രേയസ് അതിവേഗ അർധ സെഞ്ച്വറി കണ്ടെത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.
ആദ്യ ഏകദിനത്തിൽ ശ്രേയസ് അർധ സെഞ്ച്വറി പൂർത്തിയാക്കിയ സാഹചര്യത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുക എന്നത് ടീം മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം പ്രയാസമാവും. കോഹ്‌ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിലിറങ്ങിയ ശുഭ്മാൻ ഗില്ലും 83 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.
വിരാട് പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയാൽ യശസ്വി ജയ്സ്വാളിനോ ശ്രേയസ് അയ്യർക്കോ സ്ഥാനം നഷ്ടപ്പെടാനായിരിക്കും സാധ്യത. നാഗ്പൂരിൽ യശസ്വി ജയ്സ്വാൾ ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ടോപ് ഓർഡർ ബാറ്റിങ്ങിലെ ഇടംകൈ-വലംകൈ കോംബിനേഷൻ മുൻപിൽ കണ്ടായിരുന്നു യശസ്വിയെ ഓപണിങ്ങിലേക്ക് ഇന്ത്യ കൊണ്ടുവന്നത്. അതിന് മാറ്റം വരുത്തുന്നതും ടീം മാനേജ്മെന്റിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്ലേയിങ് സ്ക്വാഡിൽ എന്തെല്ലാം വെട്ടിത്തിരുത്തലുകളാണ് ഇന്ത്യ വരുത്തുന്നതെന്ന് കണ്ടറിയാം.
ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരം സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാനാകും.