തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിലെ ആശാവർക്കർമാരുടെ സമരം ആറാം ദിവസത്തിലേക്ക്. ശനിയാഴ്ച പ്രതിഷേധകുടുംബ സംഗമം നടത്തും. അഞ്ചാം ദിവസത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ ആശാവർക്കർമാർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ആശാ വർക്കർമാർക്ക് സൗജന്യ ചികിത്സ നൽകിയത്. കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധ സംഗമത്തിന് ആഹ്വാനം ചെയ്തതെന്നും അവർ പറഞ്ഞു. അതിനിടെ, ആശാവർക്കർമാർക്ക് കൃത്യമായി ഓണറേറിയവും ഇൻസെന്റീവും നൽകാത്തത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണെന്ന സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റെ പ്രസ്താവന പിൻവലിക്കണമെന്നും സമരക്കാരെ അവഹേളിക്കുന്നതിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിനെത്തിയവരുടെ ആരോഗ്യനില പരിശോധിക്കുന്ന ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഡോക്ടർ മരുന്നുൾപ്പെടെ സൗജന്യ ചികിത്സയാണ് ആശാ പ്രവർത്തകർക്ക് നൽകുന്നത്