കടൽമണൽ ഖനനത്തിനെതിരേ തീരദേശഹർത്താൽ പൂർണം.

തിരുവനന്തപുരം : കടൽമണൽ ഖനനത്തിനെതിരേ മത്സ്യത്തൊഴിലാളികളുടെ ജില്ലാ കോഡിനേഷന്റെ നേതൃത്വത്തിൽ നടത്തിയ തീരദേശഹർത്താൽ പൂർണം.
ജില്ലയിലെ തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പൊഴിയൂർമുതൽ വർക്കല ഇടവവരെയുള്ള തീരദേശഗ്രാമങ്ങളിലെ ചന്തകളിൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മത്സ്യക്കച്ചവടം നിർത്തിവെച്ചും മീൻപിടിത്തതിനുള്ള വള്ളങ്ങൾ ഇറക്കാതെയുമാണ് ഹർത്താലിൽ പങ്കാളികളായത്.

പൊഴിയൂർമുതൽ പൂന്തുറവരെയുള്ള തീരദേശ ഗ്രാമങ്ങളെ ഉൾപ്പെടുത്തി വിഴിഞ്ഞം ചൗക്കയിൽ നടന്ന സമ്മേളനം ജില്ലാ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഫാ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോൺ. ടി.നിക്കോളാസ് അധ്യക്ഷനായി. എം.വിൻസെന്റ് എം.എൽ.എ., ഹരികുമാർ, കൗൺസിലർ പനിയടിമ ജോൺ, തദയൂസ് തുടങ്ങിയവർ സംസാരിച്ചു.

വലിയതുറയിൽ സംസ്ഥാന തീരദേശ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം തിരുവനന്തപുരം ലത്തീൻ അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാദർ ലൂസിയാൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ആന്റോ ഏലിയാസ് അധ്യക്ഷനായി. സോളമൻ വെട്ടുകാട്, പാട്രിക് മൈക്കിൾ, മാഗ്‌ളിൻ, ഹഡ്‌സൺ, കെന്നഡി ലൂയിസ്, ഹനീഫ്, സിസ്റ്റർ മേഴ്‌സി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

അഞ്ചുതെങ്ങ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധസമ്മേളനം ഫെറോന വികാരി ഫാ. ജസ്റ്റിൻ ജൂഡിൻ ഉദ്ഘാടനം ചെയ്തു. നെൽസൺ ഐസക് അധ്യക്ഷനായി. വലേരിയൻ ഐസക്, അൽഫോൺസ്, ഫാ, സന്തോഷ്, ഫാ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

പുതുക്കുറിച്ചി ഷിഷ്‌ലാൻഡിൽനിന്ന് മര്യനാട് മത്സ്യഗ്രാമത്തിൽ എത്തിയ പ്രതിഷേധസമ്മേളനം ഫാ.മെൽക്കൺ ഉദ്ഘാടനം ചെയ്തു. ജോസ് നിക്കോളാസ് അധ്യക്ഷനായി. ജോളി പത്രോസ്, സീറ്റാ ദാസൻ തുടങ്ങിയവർ സംസാരിച്ചു.