ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ ദേവി-ദാനവ യുദ്ധമായ നിലത്തിൽപ്പോര് ഇന്ന്

ചിറയിൻകീഴ് : ശാർക്കര ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന കാളിയൂട്ടാചാരത്തിന്റെ ഒൻപതാം ദിവസത്തെ ചടങ്ങായ ദേവി-ദാനവ യുദ്ധമായ നിലത്തിൽപ്പോര് വെള്ളിയാഴ്ച ക്ഷേത്ര പറമ്പിൽ നടക്കും. വൈകീട്ട് അഞ്ചിനാണ് ദേവി-ദാനവ കലാശപ്പോരാട്ടം.

21 ദിവസത്തെ വ്രതമെടുത്ത് ദേവീദാസനായി നിൽക്കുന്ന പൊന്നറ കുടുംബാംഗം ആര്യനാട് സ്വദേശി അശോക് കുമാറാണ് ഇത്തവണയും ഭദ്രകാളീ വേഷത്തിലെത്തുന്നത്.

ദാരികനായി പൊന്നറ കുടുംബാംഗവും അവനവഞ്ചേരി സ്വദേശിയുമായ അജിത്കുമാറുമാണ് രംഗത്ത്. പൊന്നറ കുടുംബാംഗം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് കാളിയൂട്ട് ചടങ്ങുകൾ ശാർക്കരയിൽ നടന്നുവരുന്നത്.

എട്ടാം ദിവസത്തെ പ്രധാന ചടങ്ങായ മുടിയുഴിച്ചിലിന് വ്യാഴാഴ്ച ചിറയിൻകീഴ് പ്രദേശം സാക്ഷിയായി.