വർക്കല : പുന്നമൂട് മാർക്കറ്റ് നവീകരണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ വർക്കല നഗരസഭാ സെക്രട്ടറിയെ മൂന്നുമണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു. പ്രതിഷേധത്തിനിടെ പോലീസെത്തി കൗൺസിലർമാരെ അറസ്റ്റുചെയ്ത് നീക്കിയശേഷമാണ് സെക്രട്ടറിക്ക് പുറത്തിറങ്ങാനായത്.
പുന്നമൂട് മാർക്കറ്റ് നവീകരണത്തിന് അനുവദിച്ച കിഫ്ബി ഫണ്ട് മുടങ്ങുന്ന സ്ഥിതിയുണ്ടായതിൽ സെക്രട്ടറിക്ക് വീഴ്ചപറ്റിയെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച രാവിലെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി എത്തിയത്.
സെക്രട്ടറിയുടെ മുറിക്കു മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ചശേഷം മുറി പുറത്തുനിന്നു പൂട്ടുകയായിരുന്നു. സെക്രട്ടറി മാത്രമാണ് മുറിക്കുള്ളിലുണ്ടായിരുന്നത്. മാർക്കറ്റ് നവീകരണത്തിന് കിഫ്ബി അനുവദിച്ച 4.6 കോടി രൂപ പിൻവലിച്ചതായി മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചുലഭിച്ചതായി കൗൺസിലർമാർ പറഞ്ഞു.
ഇതുസംബന്ധിച്ച് മന്ത്രിയുടെ ഓഫീസിൽനിന്നും മുമ്പ് അയച്ച രണ്ടു കത്തുകൾ സെക്രട്ടറി പൂഴ്ത്തിവെച്ചതായി ഇവർ ആരോപിച്ചു. നിശ്ചിത കാലയളവിൽ നിർമാണം തുടങ്ങാനാകാത്തതാണ് ഫണ്ട് നഷ്ടമാകാൻ കാരണമായതെന്നും ഇവർ പറഞ്ഞു.
11.30-ന് ആരംഭിച്ച സമരം 2.30-വരെ തുടർന്നു. പി.എം.ബഷീർ, എസ്.പ്രദീപ്, എ.സലിം, എ.ആർ.രാഗശ്രീ, ബിന്ദു തിലകൻ, ഡോ. ഇന്ദുലേഖ എന്നിവരെയാണ് അറസ്റ്റുചെയ്ത് മാറ്റിയത്. വൈകീട്ട് അഞ്ചുമണിയോടെ ഇവരെ വിട്ടയച്ചു. വ്യാപാരികൾ ഹൈക്കോടതിയിൽ കേസുമായി പോയതാണ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് തടസ്സമായതെന്ന് നഗരസഭാ ചെയർമാൻ കെ.എം.ലാജി പറഞ്ഞു. വർക്കല നഗരസഭാ സെക്രട്ടറിയെ പൂട്ടിയിട്ട കോൺഗ്രസ് കൗൺസിലർമാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു