വർക്കലയിൽ അമ്മയുമായുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് വാടകയ്ക്കു താമസിച്ചുവന്ന വീട് മകൻ തീയിട്ടു നശിപ്പിച്ചു

വർക്കല : അമ്മയുമായുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് വാടകയ്ക്കു താമസിച്ചുവന്ന വീട് മകൻ തീയിട്ടു നശിപ്പിച്ചു. വർക്കല അയന്തി വലിയമേലതിൽ ക്ഷേത്രത്തിനു സമീപമുള്ള തേജസ്സ് വീടിനാണ് തീയിട്ടത്. വീട്ടിലെ ഫർണിച്ചറും ഇലക്ട്രിക് സാധനങ്ങളും കത്തിനശിക്കുകയും ഭിത്തികൾ പൊട്ടിയടർന്നുമാറുകയും ചെയ്തു. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സംഭവത്തിൽ ഇവിടെ വാടകയ്ക്കു താമസിച്ചുവന്ന പ്രജിത്തി(40)നെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം.

മദ്യലഹരിയിൽ എത്തിയ പ്രജിത്ത് തന്റെ ഒൻപതുവയസ്സുള്ള മകനെയുംകൂട്ടി പുറത്തേക്കു പോകാൻ തുനിഞ്ഞത് പ്രജിത്തിന്റെ അമ്മ സതി തടഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വലിയ വാക്കേറ്റമുണ്ടായി. തുടർന്ന് ചെറുമകനുമായി സമീപത്തുള്ള ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി സതി പോയി. ഇതിൽ പ്രകോപിതനായാണ് പ്രജിത്ത് വീടിനു തീയിട്ടത്. തീ ആളിപ്പടരുന്നതുകണ്ട് പ്രദേശവാസികൾ തീയണയ്ക്കാനുള്ള ശ്രമം നടത്തി.

അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. വീടിനുള്ളിലെ സാധനങ്ങളും വയറിങ്ങും പൂർണമായും കത്തിനശിച്ചു. ചുവരുകൾക്കെല്ലാം കേടുപാടുണ്ടായി.

വർക്കല മേൽവെട്ടൂർ സ്വദേശികളായ പ്രസന്നൻ-ബീന ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇവരുടെ പരാതിയിൽ കേസെടുത്ത വർക്കല പോലീസ് മേൽവെട്ടൂരിലെ ബന്ധുവീട്ടിൽനിന്നാണ് പ്രജിത്തിനെ പിടികൂടിയത്.