രാജീവ് കുമാർ വിരമിച്ചതിന് പിന്നാലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു.ഇന്ന് തന്നെ നിയമന ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ വിയോജന കുറിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. ജസ്റ്റിസ് കെഎം ജോസഫിൻറെ വിധി ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വിയോജന കുറിപ്പ് നൽകിയത്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മറ്റന്നാള്‍ പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷണറെ കണ്ടെത്തുന്നതിനായുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.