ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രം

ക്രിമിനൽ കേസുകൾ ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രം. സുപ്രീംകോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറു വർഷത്തെ വിലക്ക് മതിയാകും എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. വിഷയം നിയമനിർമ്മാണ സഭകളുടെ പരിധിയിൽ വരുന്നതാണെന്നും കോടതിയുടെ പരിധിയിൽ വരില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും രാജ്യത്തെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻഅശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.പൊതുപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് കാലാവധി ആനുപാതികവും യുക്തിപരവുമാകണമെന്നും ആജീവനാന്ത വിലക്ക് അനാവശ്യമെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് വിശാലമായ പ്രത്യാഘാതങ്ങളുണ്ടെന്നും അവ പാര്‍ലമെന്റിന്റെ നിയമനിര്‍മാണ നയത്തില്‍ വ്യക്തമായി ഉള്‍പ്പെടുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.