രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ. മുഹമ്മദ് അസറുദ്ദീൻ സെഞ്ച്വറി

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ. മുഹമ്മദ് അസ്ഹറുദ്ധീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എന്ന നിലയിലാണ്. 173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ധീൻ സെഞ്ച്വറി നേടിയത്. അസ്ഹറുദ്ധീനൊപ്പം സൽമാൻ നിസാർ 35 റൺസുമായി ക്രീസിലുണ്ട്.

രണ്ടാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്കോറായ 206 റൺസിലേക്ക് സ്കോർ ചേർക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റൺസാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നേടിയത്. 195 പന്തിൽ എട്ടുഫോറുകൾ നേടി.
ആദ്യ ദിനത്തിൽ ഭേദപ്പെട്ട റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നത് പോസിറ്റീവാണ്. ഇന്നലെ അക്ഷയ് ചന്ദ്രന്‍, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവരും 30 റൺസ് വീതം നേടിയിരുന്നു. ഈ മൂന്നുപേരും പുറത്തായി. 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി. രണ്ടാം ദിനത്തിൽ റൺ റേറ്റ് ഉയർത്തി സ്കോർ എളുപ്പത്തിൽ 400 കടത്തുകയാവും കേരളത്തിന്റെ ലക്ഷ്യം.

നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.