ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിന് മാർഗ്ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ

ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിന് മാർഗ്ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ. മാർഗ്ഗരേഖ പ്രകാശനവും വെബ് പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടെ ഡയറക്ട് സെല്ലിംഗ് മേഖലയിൽ നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.സംസ്ഥാനത്ത് വ്യാപകമാകുന്ന ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായുമാണ് മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ പുറത്തിറക്കിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി തയ്യാറാക്കിയ വെബ്പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.വിതരണക്കാരുടെ ശൃംഖല സൃഷ്ടിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതിയാണ് ഡയറക്ട് സെല്ലിംഗ്. ഉപഭോക്തൃ സംരക്ഷണം മുൻനിർത്തി ഡയറക്ട് സെല്ലിംഗ് രംഗത്തെ ചതിക്കുഴികൾ തടയുകയാണ് സർക്കാർ ലക്ഷ്യം. നിയമാനുസൃതം പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതുസംബന്ധിച്ച ബോധവൽക്കരണ വീഡിയോകളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎമാരായ വി കെ പ്രശാന്ത് ആന്റണി രാജു തുടങ്ങിയവർ വിശിഷ്ടാതിഥികളായി.