അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടരുന്ന അമേരിക്കയിൽനിന്ന്, 116 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത് സറിലെത്തി. രാത്രി 11.30നാണ് വിമാനം അമൃത്സറിൽ ഇറങ്ങിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു.
അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തിയത്. നേരത്തെ 119 പേരുണ്ടെന്നാണ് അറിയിച്ചിരുന്നത്. നാടുകടത്തിയവരുടെ പട്ടികയിൽ 116 പേരുടെ പേരാണുള്ളത്.
യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി, ഇന്ത്യക്കാരുമായി വന്ന രണ്ടാമത്തെ വിമാനമാണിത്.
രണ്ടാമത്തെ വിമാനത്തിലെ 65 പേർ പഞ്ചാബിൽനിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽനിന്നും എട്ടുപേർ ഗുജറാത്തിൽനിന്നും യു.പി,ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ രണ്ടുപേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഓരോരുത്തരും വിമാനത്തിലുണ്ട്. നാടുകടത്തപ്പെടുന്ന മൂന്നാമത് സംഘവുമായുള്ള വിമാനം ഇന്ന് എത്തുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള 17,940 നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനാണ് യു.എസ് അധികൃതരുടെ തീരുമാനം.
104 അനധികൃത കുടിയേറ്റക്കാരുമായി ഫെബ്രുവരി അഞ്ചിനാണ് ആദ്യ യു.എസ് വിമാനം അമൃത് സറിലിറങ്ങിയത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ കൊണ്ടുവന്നതും ഇവരെ ചങ്ങലയിൽ ബന്ധിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഏറെ വിവാദമായ ആദ്യ നാടുകടത്തലിനിടെ കുടിയേറ്റക്കാരോട് മോശമായി പെരുമാറിയതിൽ ഇന്ത്യ അമേരിക്കയെ പ്രതിഷേധമറിയിച്ചിരുന്നു.
പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഈ കാര്യത്തിൽ അനുകൂല നടപടികളൊന്നുമുണ്ടായില്ല.