ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം വ്യാഴാഴ്ച നടക്കും

ചിറയിൻകീഴ് : ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 13 വ്യാഴാഴ്ച നടക്കും. രാവിലെ 10.15-ന് ക്ഷേത്രം മേൽശാന്തി പണ്ടാരയടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാകും.

11.30-നുശേഷമാണ് നിവേദ്യ ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷേത്രപ്പറമ്പിൽ മാത്രമാണ് ദേവസ്വം ബോർഡ് പൊങ്കാല അടുപ്പുകൾക്ക് സൗകര്യം ഒരുക്കുന്നത്. പൊങ്കാലയടുപ്പുകൾ ക്ഷേത്രപ്പറമ്പിൽ സജ്ജമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.

മറ്റിടങ്ങളിൽ റെസിഡെൻസ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്തർക്ക് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കി, ഹരിതചട്ടം പാലിച്ചാണ് പൊങ്കാല സമർപ്പിക്കേണ്ടത്. പൊങ്കാലയോടനുബന്ധിച്ച് ചിറയിൻകീഴ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ക്രമീകരണങ്ങൾ ഉറപ്പാക്കി. പൊങ്കാലദിനത്തിൽ കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും. ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് രാവിലെയും ഉച്ചയ്ക്കും കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും.

ജല അതോറിറ്റി ക്ഷേത്രപ്പറമ്പിനു ചുറ്റുമായി 100 ടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും. കടയ്ക്കാവൂർ പഞ്ചായത്തും ചിറയിൻകീഴ് താലൂക്കാശുപത്രിയും കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങൾ നടത്തും. പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയോടെമാത്രമേ ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യാൻ അനുവദിക്കൂ.

ശാർക്കര ക്ഷേത്രപരിസരത്തെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടപടികൾ പൂർത്തിയായി. ഭക്തർക്കായി ബയോ ടോയ്‌ലറ്റ് സംവിധാനം, ആരോഗ്യസേവനം, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കും.

ഭദ്ര ഓഡിറ്റോറിയത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പ്രവർത്തിക്കും. ആറ്റിങ്ങൽ അഗ്നിരക്ഷാസേന സുരക്ഷയൊരുക്കും.

ചിറയിൻകീഴ്, ആറ്റിങ്ങൽ, കഠിനംകുളം, കടയ്ക്കാവൂർ, മംഗലപുരം സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷയും ഒരുക്കും. പൊങ്കാലയ്ക്കുശേഷം ഹരിതകർമസേന ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

ചിറയിൻകീഴ് ശാർക്കര പൊങ്കാലയ്ക്ക് ഭക്തർക്ക് അടുപ്പു കൂട്ടുന്നതിനുള്ള ആറ്്‌ ലോഡ് ചുടുകല്ല് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. വിഷ്ണുഭക്തൻ നൽകി. ക്ഷേത്ര മേൽശാന്തി വെൺകുളം കൃഷ്ണരാജമഠത്തിൽ ഗോപാലകൃഷ്ണ റാവു പോറ്റിക്കും ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.എസ്. പ്രവീൺ കുമാറിനും നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

32 വർഷമായി സി.വിഷ്ണുഭക്തൻ പൊങ്കാലയ്ക്ക് കല്ലുകൾ നൽകി വരുകയാണ്. ശാർക്കര മീനഭരണിയുടെ ഭാഗമായി ഉത്സവ നാളുകളിൽ 32 വർഷമായി നടത്തുന്ന വലിയകട മുതൽ ശാർക്കര വരെയുള്ള ദീപാലങ്കാരം ഇക്കുറിയും ഉണ്ടാകുമെന്നും സി.വിഷ്ണുഭക്തൻ അറിയിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശങ്കർ ശ്രീകുമാർ, സെക്രട്ടറി വ്യാസൻ, വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, പഞ്ചായത്തംഗം മോനി ശാർക്കര, അശോകൻ ശ്രീനീസ് തുടങ്ങിയവർ പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെമുതൽ ക്ഷേത്രപ്പറമ്പിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. മഞ്ചാടിമൂട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും, കോളിച്ചിറ റോഡിലും പാർക്ക് ചെയ്യണം. വലിയകട ഭാഗത്തുനിന്നുവരുന്നവ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസിൽ പാർക്ക് ചെയ്യണം.