രണ്ട് വൃക്കകളും നേത്രപടലവും കരളും പകുത്തു നൽകി ഓർമ്മകളിൽ എന്നും ജീവിച്ച് സത്യശീലൻ യാത്രയായി

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഫെബ്രുവരി 12നാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം കടുവായിൽ പള്ളിയിൽ ബിൽഡിങ് മെറ്റീരിയൽ ഷോപ്പ് നടത്തുകയായിരുന്നു സത്യശീലൻ.  

ഭാര്യ ശോഭ സത്യൻ, ദിവിൻ സത്യൻ, ദേവി സത്യൻ എന്നിവരാണ് മക്കൾ. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാരിന്‍റെ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങൾ നിർവഹിച്ചത്. 

സത്യശീലന്‍റെ സംസ്കാര ചടങ്ങുകൾ ഇന്നലെ  വൈകീട്ട് കവലയൂരിലെ ദേവകി നിവാസിൽ നടന്നു. വളരെ വിഷമകരമായ ഘട്ടത്തിലും സത്യശീലന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.