മുന്നറിയിപ്പുകളൊന്നും ഫലിക്കുന്നില്ല; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുങ്ങി തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടി

പൊലീസും സർക്കാരും നിരന്തരം മുന്നറിയിപ്പും ജാഗ്രത നിർദേശവും നൽകിയിട്ടും ഡിജിറ്റൽ തട്ടിപ്പിനിരയായി തിരുവനന്തപുരം സ്വദേശി. ഡിജിറ്റൽ അറസ്റ്റിലൂടെ ജവഹർ നഗ‌ർ സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ. ജനുവരി 14 മുതൽ തുടങ്ങിയ തട്ടിപ്പിനെ കുറിച്ച് പോലീസിൽ പരാതി നൽകിയത് കഴിഞ്ഞ ദിവസം മാത്രമാണ് എന്നതും തട്ടിപ്പുകാർക്ക് ഉപകാരമായി. ഡിജിറ്റൽ തട്ടിപ്പ് തടയാൻ പോലീസ് മുന്നറിയിപ്പും ജാഗ്രത നിർദേശവും തുടർച്ചയായി നൽകുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും വൻ തുക തട്ടിയ ഡിജിറ്റൽ തട്ടിപ്പ് നടന്നത്.

തിരുവനന്തപുരം ജവഹർ നഗർ സ്വദേശി തട്ടിപ്പിനിരയായത്. പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച 52 കാരൻ കഴിഞ്ഞ ജനുവരി 14ന് രാവിലെയാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ടത്. ടെലികോം റെഗുലേറ്ററി, അതോറിറ്റിയിൽ നിന്നെന്ന പേരിൽ തട്ടിപ്പ് സംഘം ഫോണിൽ വിളിച്ചത്.സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഫോൺ സിബിഐ ഇൻസ്പെക്ടർക്ക് ഫോർവേഡ് ചെയ്യുകയാണെന്നും അറിയിച്ചു . പിന്നാലെ സിബിഐ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി മറ്റൊരാൾ വാട്സ്ആപ്പിൽ വീഡിയോ കോൾ ചെയ്തു. ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും വിവിധ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങൾ കൈമാറാനും ആവശ്യപ്പെട്ടു. പിന്നാലെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ എന്ന പേരിൽ പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 14നും 22 നും ഇടയിൽ ഒരുകോടി 86 ലക്ഷത്തോളം രൂപ പ്രതികൾ കൈപ്പറ്റുകയായിരുന്നു.

കബളിപ്പിക്കപ്പെട്ട വിവരം ഏറെ വൈകി തിരിച്ചറിഞ്ഞ 52 കാരൻ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സൈബർ പോലീസിന് പരാതി നൽകിയത്. പണം കൈമാറിയിരിക്കുന്ന പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും, തട്ടിപ്പിനായി ഫോണിലും വാട്സാപ്പിലും ബന്ധപ്പെട്ട വിവിധ മൊബൈൽ നമ്പറുകളും പോലീസ് ശേഖരിച്ചു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് സൈബർ ക്രൈം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.