35 വയസ്സ് തോന്നിപ്പിക്കുന്ന അജ്ഞാത യുവാവ് രാവിലെ 10:40 ഓടെ അഞ്ചുതെങ്ങിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫിനാൻസ് സ്ഥാപനത്തിൽ സ്വർണ്ണ വള പണയം വയ്ക്കുവാനായി എത്തുകയായിരുന്നു. ഇദ്ദേഹം നൽകിയ വളയിൽ സ്വർണ്ണത്തിന്റെ ക്വാളിറ്റി വ്യക്തമാക്കുന്ന മുദ്രയും പതിച്ചിട്ടുണ്ടായിരുന്നതിനാൽ സ്ഥാപന ജീവനക്കാരിക്ക് ഒറ്റനോട്ടത്തിൽ സംശയം തോന്നിയിരുന്നില്ല. എന്നാൽ വളയുമായി എത്തിയ വ്യക്തിയെ മുൻപ് അഞ്ചുതെങ്ങിൽ കണ്ടിട്ടില്ലെന്നതും ഇയാളുടെ പെരുമാറ്റത്തിൽ ആസ്വഭാഗികത തോന്നുകയും ചെയ്ത ഷോപ്പ് ജീവനക്കാരി വള സ്വർണ്ണമാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥാപന ഉടമ ഇത് ഉരച്ചു നോക്കി മുക്ക്പണ്ടമാണെന്ന് സ്ഥിരീകരിക്കുകയും, പോലീസിനെ വിളിച്ചുവരുത്തുവാനുമുള്ള ശ്രമം നടത്തുകയുമായിരുന്നു.
എന്നാൽ , കടഉടമയുടെ നീക്കം മനസ്സിലാക്കിയതോടെ അജ്ഞാതൻ ഉടമയുടെ കണ്ണ് വെട്ടിച്ച് സ്ഥാപനത്തിൽ നിന്ന് ഇറങ്ങി ഓടുകയും കടയ്ക്ക് സമീപത്തായി സ്റ്റാർട്ട് ആക്കി നിറുത്തിയിരുന്ന (കറുത്ത സഫാരിമോഡൽ ബാക്ക് ഡോർ വാഹനം ) വാഹനത്തിൽ രക്ഷപ്പെടുകയുമായിരുന്നു.
വാഹനം സ്പീഡിൽ കടയ്ക്കാവൂർ ഭാഗത്തേയ്ക്കാണ് ഓടിച്ചുപോയത്. ഇത് ഓടിച്ചത് മറ്റൊരാളായിരുന്നെന്നാണ് സൂചന. വാഹനത്തിന്റെ നമ്പർ 6000 എന്നാണ് ആ സമയത്ത് റോഡിൽ ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നത്. പണം നഷ്ടമാകാത്തതിനാൽ കടയുടമ ഇതുവരെയും പോലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് സൂചന.