ചിറയിൻകീഴ് : ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന് അനുബന്ധമായി നിർമിക്കുന്ന സർവീസ് റോഡുനിർമാണത്തിന് കെ.എസ്.ഇ.ബി.യുടെ ഉടക്ക്. സർവീസ് റോഡിന് സമാന്തരമായി നിർമിക്കുന്ന ഓടനിർമാണത്തിനു തടസ്സംനിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റാനാവില്ലെന്ന കെ.എസ്.ഇ.ബി.യുടെ കടുംപിടുത്തം പണികൾ നിർത്തിവയ്ക്കാൻ കാരണമായി. മേൽപ്പാലം ആരംഭിക്കുന്ന താലൂക്കാശുപത്രിയുടെ പ്രധാന കവാടത്തിനു മുൻഭാഗത്തുള്ള സർവീസ് റോഡിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബി.യുടെ നിലപാട് കാരണം പണി മുടങ്ങിയത്.
രണ്ട് വൈദ്യുതത്തൂണുകളാണ് ഇവിടെ ഓടയുടെ മധ്യഭാഗത്തായി വരുന്നത്. എന്നാൽ ഈ തൂണുകൾ മാറ്റിത്തരണമെന്ന് മാസങ്ങൾക്കുമുന്നേ കരാറുകാരൻ ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി. അനങ്ങിയില്ല. മേൽപ്പാലവുമായി ബന്ധപ്പെട്ട പണികൾ മാർച്ച് 14-നുമുന്നേ തീർക്കണമെന്ന് സർക്കാർ കരാർ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർവീസ് റോഡ് ഉൾപ്പെടെയുള്ള പണികൾ കരാറുകാരൻ വേഗത്തിലാക്കിയത്. റോഡിനു സമാന്തരമായി നിർമിക്കുന്ന ഓടയുടെയും ഇതിനുമുകളിൽ സ്ലാബിട്ട് സജ്ജമാക്കുന്ന നടപ്പാതയുടെയും പണികളാണ് പുരോഗമിക്കുന്നത്. ഓടനിർമാണത്തിനായി ജെ.സി.ബി. ഉപയോഗിച്ച് കുഴിച്ചപ്പോൾ വൈദ്യുതത്തൂണുകൾക്ക് ബലക്ഷയം ഉണ്ടാകുന്ന സ്ഥിതിയിലേക്കു മാറി. അതിനാൽ തൂണുകൾ മാറ്റണമെന്ന് കെ.എസ്.ഇ.ബി.യോട് കരാറുകാർ ആവശ്യപ്പെട്ടു. സാധ്യമല്ലെന്നും തൊഴിലാളികളില്ല എന്നും പറഞ്ഞ് കെ.എസ്.ഇ.ബി. ഇത് നിരാകരിക്കുകയാണുണ്ടായത്. കെ.എസ്.ഇ.ബി.യുടെ വാശിയിൽ ഓടനിർമാണം നിർത്തിവെച്ചു.
നടപ്പാതയുടെ മധ്യത്ത് തൂണുകൾ വരുമെന്നതിനാൽ നാട്ടുകാരും സ്ഥലത്തെത്തി കെ.എസ്.ഇ.ബി.ക്കെതിരേ പ്രതിഷേധിച്ചു. ദീർഘനാളായി മുടങ്ങിയിരുന്ന റോഡുനിർമാണം ആരംഭിച്ചപ്പോഴേക്കും അത് തടസ്സപ്പെടുത്തുന്നരീതിയിലുള്ള കെ.എസ്.ഇ.ബി.യുടെ നിലപാടിനെതിരേ കടുത്ത പ്രതിഷേധത്തിലാണു നാട്ടുകാർ. സർവീസ് റോഡിന്റെ വീതിക്കുറവും വൈദ്യുതത്തൂണിന്റെ സ്ഥാനവും ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ നേരത്തേ വാർത്ത നൽകിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട വി.ശശി എം.എൽ.എ. വിഷയത്തിൽ ഇടപെടുകയും റോഡുനിർമാണത്തിനു തടസ്സമായി നിന്ന മതിൽ ഇടിച്ച് നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് തടസ്സമായി വീണ്ടും വൈദ്യുതത്തൂണുകൾ മാറുന്നത്. ചിറയിൻകീഴിൽ ഉത്സവനാളുകളാണ് വരാൻപോകുന്നത്. ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല, കാളിയൂട്ട്, മീനഭരണി ഉത്സവം ഉൾപ്പെടെ വരുന്നതോടെ ചിറയിൻകീഴ് മേഖല ജനസഞ്ചയമാകും. ഇതുകൂടി മുന്നിൽക്കണ്ടാണ് എം.എൽ.എ.യുടെ ആവശ്യപ്രകാരം സർവീസ് റോഡുകൾ സജ്ജമാക്കാൻ തീരുമാനിച്ചത്. മേൽപ്പാലം പണികൾ അവസാനഘട്ടത്തിലാണ്. സർക്കാരിന്റെ നിർദേശം പാലിച്ച് പണികൾ സമയബന്ധിതമായി തീർക്കുകയാണെങ്കിൽ മാർച്ച് അവസാനവാരത്തോടെ ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുനൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികൂല കാലാവസ്ഥയും റെയിൽവേയുടെ പിടിവാശിയുമാണ് മേൽപ്പാലത്തിന്റെ പണികൾ ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് എം.എൽ.എ.യുടെ വാദം. ഓടനിർമാണത്തിൽ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ കരാർ കമ്പനി പ്രതിനിധികളുടെയും കെ.എസ്.ഇ.ബി.യുടെയും ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളുടെയും സംയുക്തയോഗം വിളിച്ചിരിക്കുകയാണ് എം.എൽ.എ.