ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസ്; രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം: ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 25000 രൂപാ വീതം പിഴയും. കേസിൽ രണ്ടാം പ്രതിയായ ബാലരാമപുരം മുടവൂർപ്പാറ വെട്ടുവേലികുളം വയലിൽ വീട്ടിൽ ബിനുകുമാർ(53), മൂന്നാം പ്രതി കൂടല്ലൂർ കുഞ്ചുവീട്ടു വിളാകം വയലിൽ വീട്ടിൽ അനിൽകുമാർ (45) എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ ആണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നാം പ്രതിയായ തോയ മണിയൻ എന്ന ജയകുമാർ (57) കേസിന്റെ അന്തിമവാദ സമയം കഴിഞ്ഞ ജനുവരിയിൽ മരിച്ചു. രണ്ടാം പ്രതി ബിനുവിന്റെ സഹോദരനാണ് ഒന്നാം പ്രതി ജയകുമാർ. 2019 നവംബർ 6നാണ് കേസിന് ആസ്പദമായ സംഭവം. ബാലരാമപുരം അന്തിയൂർ കോഴോട് അനീഷ് ഭവനിൽ വിദ്യാധരന്റെ മകൻ വിനീത് എന്ന അനീഷ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി 9.45ന് ഒന്നാം പ്രതിയായ ജയകുമാറിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. രണ്ടാം പ്രതി ബിനുകുമാറും, മൂന്നാം പ്രതി അനിൽകുമാറും ജയകുമാറിന്റെ അയൽവാസികളായിരുന്നു. അനീഷ് വിദേശത്തു നിന്നും മടങ്ങി വന്ന ശേഷം ബിനുവിന്റെ മകൻ പപ്പനുമായി ചേർന്ന് പ്ലബിംഗ് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്തു വരിക ആയിരുന്നു.

ഭാര്യ ഉപേക്ഷിച്ചു പോയ കാര്യം പറഞ്ഞ് ജയകുമാറിനെ അനീഷ് സ്ഥിരം കളിയാക്കിയിരുന്നു. ഇതിൽ ജയകുമാറിന് അനീഷിനോട് വിരോധമുണ്ടായിരുന്നു. സംഭവ ദിവസം ജയകുമാർ താമസിച്ചു വന്നിരുന്ന വീട്ടിൽ പ്രതികളും കൊല്ലപ്പെട്ട അനീഷും ചേർന്ന് മദ്യപിക്കുമ്പോൾ അനീഷ് കളിയാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ കയ്യേറ്റമുണ്ടായി. തുടർന്ന് മൂന്നു പ്രതികളും ചേർന്ന് അനീഷിനെ മർദിച്ച് അവശനാക്കി. ബിനുവും അനിലും അനീഷിനെ ബലമായി പിടിച്ചുവയ്ക്കുകയും ജയകുമാർ കരുതി വച്ചിരുന്ന ഇരുമ്പ് ചുറ്റിക കൊണ്ട് അനീഷിന്റെ മുഖത്തും തലയ്ക്കും അടിച്ചു മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ബിനുവിനും അനിലിനും മുഖത്ത് പരിക്കേറ്റിരുന്നു. അനീഷിന്റെ തലച്ചോറിന് ഉണ്ടായ ക്ഷതം ആണ് മരണകാരണം എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

കൊലയ്ക്കുപയോ​ഗിച്ച ഇരുമ്പ് ചുറ്റിക കൃത്യത്തിന് ശേഷം പ്രതികൾ വീടിനു ചേർന്നുള്ള കാനലിൽ ഒളിപ്പിച്ചിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ പൂർണമായും ശാസ്ത്രീയവും സാഹചര്യ തെളിവുകളും മാത്രമാണ് പോലീസ് ആശ്രയിച്ചിരുന്നത്. അനീഷിന്റെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്ന ഒരു മദ്യ കുപ്പിയിൽ നിന്നും ഒന്നാം പ്രതി ജയകുമാറിന്റെ വിരലടയാളം കിട്ടിയിരുന്നു. കൂടാതെ സമീപത്തു കിടന്നിരുന്ന അഞ്ചു പല്ലുകളിൽ ഒരെണ്ണം രണ്ടാം പ്രതി ബിനുകുമാറിന്റേതാണെന്നു ഫോറെൻസിക് ഡിപ്പാർട്മെന്റിൽ നടന്ന ഡി എൻ എ പരിശോധനയിൽ തെളിഞ്ഞു. സമീപത്തു ഉണ്ടായിരുന്ന സ്റ്റീൽ പാത്രത്തിൽ നിന്നും കിട്ടിയ വിരലടയാളം മൂന്നാം പ്രതി അനിൽകുമാറിന്റേതാണെന്ന് കണ്ടെത്തി.

ബിനുവും, അനിലും 2002ൽ നടന്ന ജോസ് വധ കേസിലെ പ്രതികൾ ആയിരുന്നു. ആ കേസിൽ തെളിവിന്റെ ആഭാവത്തിൽ അവരെ തിരുവനന്തപുരം കോടതി വെറുതെ വിട്ടിരുന്നു. ഫിംഗർ പ്രിന്റ് വിദഗ്ദൻ വി വി വിവേകാനന്ദൻ, ഫോറെൻസിക് സയൻസ് ഡിപ്പാർട്മെന്റിലെ ഓഫീസർ മാരായ വി ബി സുനിത, ജെ എസ് സുജ എന്നിവരുടെ കണ്ടത്തലുകൾ കേസിൽ നിർണായക തെളിവായി. ബാലരാമപുരം ഇൻസ്‌പെക്ടർ ആയിരുന്ന ജി ബിനു അന്വേഷണം നടത്തി ഫൈനൽ റിപ്പോർട്ട്‌ നൽകിയ കേസിൽ ഇൻസ്‌പെക്ടർ ആയ പ്രസാദ് അബ്രഹാം വർഗീസ് ആണ് ശാസ്ത്രീയ മായ റിപ്പോർട്ടുകൾ ശേഖരിച്ചു കോടതിയിൽ ഹാജരാക്കി മൊഴി നൽകിയത്.

മുൻ ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പു പ്രകാരം രണ്ടും മൂന്നും പ്രതികൾക്കു ജീവപര്യന്തം കഠിന തടവും 25000രൂപാ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടുതൽ തടവും, തെളിവ് നശിപ്പിച്ചതിനു 201 വകുപ്പ് പ്രകാരം 2 വർഷം തടവും 10000 പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടുതൽ തടവും വിധിച്ചു. കൂടാതെ കൊല്ലപ്പെട്ട അനീഷിന്റെ പിതാവും കേസിലെ സാക്ഷിയും ആയ വിദ്യാധരന് വിക്ടിം കോമ്പൻസഷൻ ആക്ട് പ്രകാരം ഉള്ള നഷ്ട പരിഹാരം ലഭിക്കുന്നതിനായി ജില്ലാ ലീഗൽ അതോറിറ്റിക്കു ശുപാർശ ചെയ്തു. പ്രോസിക്യൂഷൻ 38 സാക്ഷികളെ വിസ്തരിച്ചു. കേസിൽ പെട്ട 40 വസ്തുക്കളും, 53 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രതി ഭാഗം തെളിവായി 3 സാക്ഷികളേയും 3 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ,അഡ്വ മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.