ഗുജറാത്തിനെതിരെ മത്സരം സമനില; ആ ചരിത്രനിമിഷമിതാ, കേരളം രഞ്ജി ട്രോഫി ഫൈനലിൽ

അഹമ്മദാബാദ്: കാത്തിരുന്ന ആ ചരിത്രനിമിഷം ഇതാ. കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. ഗുജറാത്തിനെതിരായ സെമി ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കേരളം ഫൈനലിൽ കടന്നത്. രണ്ടാം ഇന്നിങ്സിൽ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.രോഹൻ എസ്. കുന്നുമ്മൽ (69 പന്തിൽ 32), സച്ചിൻ ബേബി (19 പന്തിൽ 10), അക്ഷയ് ചന്ദ്രൻ (ഒൻപത്), വരുൺ നായനാർ (ഒന്ന്) എന്നിവരാണ് അവസാന ദിവസം പുറത്തായത്.

90 പന്തിൽ 37 റൺസെടുത്ത് ജലജ് സക്സേനയും 57 പന്തിൽ 14 റൺസുമായി അഹമ്മദ് ഇമ്രാനും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെനിന്നു. കേരളം ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസ് ലീ‍ഡ് നേടിയ സാഹചര്യത്തിൽ ഫൈനലിലെത്താൻ ഗുജറാത്തിന് കളി ജയിക്കണമായിരുന്നു. അതിനു സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കളി നേരത്തേ അവസാനിപ്പിച്ചത്. രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായാണ് ഫൈനലിൽ കടക്കുന്നത്. ഫെബ്രുവരി 26ന് നടക്കുന്ന ഫൈനലിൽ വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ.