നീറ്റ് യുജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷനും ആരംഭിച്ചു, വിശദമായി അറിയാം

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജുവേറ്റ് (NEET UG) 2025 പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA). അപേക്ഷ സ്വീകരിക്കുന്നതും ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നീറ്റിന് രജിസ്റ്റര്‍ ചെയ്യാം.

മെയ് 4ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നീറ്റ് യുജി പരീക്ഷ നടക്കും. ഇന്ത്യയിലെ യുജി മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക പരീക്ഷയാണിത്. ഫലം ജൂണ്‍ 14 ന് മുമ്പ് പ്രഖ്യാപിക്കും. മാര്‍ച്ച് 7 വരെ അപേക്ഷിക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള ഓപ്ഷന്‍ മാര്‍ച്ച് 9നും 11നും ഇടയില്‍ ലഭ്യമാകും.എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലെയും ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനിലെ MBBS, BAMS, BUMS, BSMS എന്നീ UG കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും BDS, BVSC, AH കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും നീറ്റ് യുജി സ്‌കോറുകളും മെറിറ്റ് ലിസ്റ്റും ബാധകമാണ്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതിക്ക് കീഴിലുള്ള BHMS കോഴ്‌സിലേക്കുള്ള പ്രവേശനവും NEET UG സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്.