തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് ആണ് പ്രസിഡന്റ്.തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാനദിവസമാണ് പി.എം. ആര്‍ഷോയ്ക്കും കെ.അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം.ശിവപ്രസാദ്. പി.എസ്. സജ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.സെക്രട്ടറിസ്ഥാനത്തേക്ക് കെ അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി വരുന്നുവെന്നുള്ള സൂചനകൾ അനുശ്രീയെ ചുറ്റിപ്പറ്റി പുറത്തുവന്നിരുന്നു. എന്നാൽ, പരിഗണനാ പട്ടികയിലുണ്ടായിരുന്ന പിഎസ് സഞ്ജീവിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.
സ്വകാര്യ സര്‍വകലാശാലകളില്‍ സംഘടനാ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നിയന്ത്രണവും സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലൂടെ എസ്എഫ്‌ഐ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്വകാര്യ സര്‍വകലാശാലയില്ലാത്ത രണ്ട് സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. പുതിയ വിദ്യാഭ്യാസ നയം നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായും യുജിസിയുടെ കടുത്ത നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തു കൂടുതല്‍ ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ക്കോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്കോ പ്രവര്‍ത്തനം നടത്താവുന്നതാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.യാതൊരു തരത്തിലും സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ കേരളത്തില്‍ കൂടുതല്‍ ആരംഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖല കച്ചവട ചരക്കാകുന്നതിനു കാരണമാകും. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും വിദ്യാര്‍ഥി യൂണിയന്‍ അടക്കമുള്ള ജനാധിപത്യവേദികള്‍ ഉറപ്പുവരുത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.