കാണുന്നവർക്ക് പേടിയായി പോകും! കുട്ടി മൊബൈലും നോക്കി സ്കൂട്ടറിൽ തിരിഞ്ഞിരിക്കുന്നു, അച്ഛനെതിരെ കേസെടുത്തു

കോഴിക്കോട്: സ്‌കൂട്ടറിന് പിറകില്‍ തിരിഞ്ഞിരുന്ന് അപകടകരമാം വിധത്തില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ, മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കോഴിക്കോട് മാവൂര്‍-തെങ്ങിലക്കടവ് റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പത്ത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടിയുമായി കെഎല്‍ 11 ബിഇസഡ് 7624 നമ്പറിലുള്ള ഇലക്ട്രിക് സ്‌കൂട്ടറില്ലാണ് ഒരാൾ യാത്രചെയ്തിരുന്നത്. 

ഇരുവരും ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. പിറകിൽ പെണ്‍കുട്ടി തിരിഞ്ഞിരുന്നാണ് സഞ്ചരിച്ചിരുന്നത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ഇടക്കിടെ കുട്ടി നോക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. സാമാന്യം നല്ല വേഗതയതിലാണ് സ്‌കൂട്ടര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ക്ക് പുറകിലായി മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനാണ് അപകടം വിളിച്ചു വരുത്തുന്ന ഈ യാത്രാ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.കോഴിക്കോട് മാവൂരിൽ മകളുമായി അപകടകരമായി സ്കൂട്ടർ യാത്ര നടത്തിയ സംഭവത്തിൽ മാവൂർ സ്വദേശി ഷഫീഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയും ഈടാക്കി. യാത്രയുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് മാവൂര്‍ പോലീസ് ഷഫീഖിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയായിരുന്നു.