സ്വർണം സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് 63,000 കടന്ന് കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്.


സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായിരുന്നു.


2025-ഉം സ്വര്‍ണ വിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തിലെത്തിയതും രണ്ട് തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണ വിലയെ കാര്യമായി തന്നെ ബാധിക്കും. നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് -മസ്‌ക് കൂട്ടുകെട്ട് ഉയര്‍ത്തിക്കൊണ്ടുവരുമെന്ന പ്രതീക്ഷയും സ്വര്‍ണവില കുറയാന്‍ കാരണമാകും. ട്രംപിന്റെ പോളിസികള്‍ പണപ്പെരുപ്പം ഉയര്‍ത്തിയേക്കാം. പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ടി വന്നാലോ അല്ലെങ്കില്‍ കൂട്ടേണ്ട സാഹചര്യം വന്നാലോ സ്വര്‍ണവിലയില്‍ ശക്തമായ ഇടിവുണ്ടാകുമെന്നാണ് സൂചന.