ആറ്റിങ്ങൽ : ദേശീയപാത-66 ന്റെ ഭാഗമായ ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് വേഗം കുറയുന്നു. ചിലയിടങ്ങളിൽ ടാറിങ് ഉൾപ്പെടെയുള്ള പണികൾ നടത്തിയെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും പണികൾ മന്ദഗതിയിലാണ്. കഴിഞ്ഞ വേനൽക്കാലത്ത് രാത്രിയിലുൾപ്പെടെ ജോലികൾ നടന്നിരുന്നു. എന്നാലിപ്പോൾ വളരെ കുറച്ച് പണിക്കാരെ ഉപയോഗിച്ചാണ് പണികൾ നടന്നുവരുന്നത്. നിർമാണപ്രവർത്തനങ്ങൾക്ക് ആദ്യമുണ്ടായിരുന്ന വേഗം വളരെ കുറഞ്ഞുവെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വാമനപുരം ആറിന് കുറുകേ തോട്ടവാരത്ത് നിർമിക്കുന്ന പാലത്തിന്റെ തൂണുകൾ പൂർത്തിയാക്കി. രണ്ട് തൂണുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബീമുകളും കയറ്റിെവച്ചു. എട്ട് മാസം പിന്നിട്ടിട്ടും മറ്റ് പണികളൊന്നും ഇവിടെ നടന്നിട്ടില്ല. ഇപ്പോൾ ആറ്റിൽ ഒഴുക്ക് കുറഞ്ഞതിനാൽ ഒരുഭാഗത്ത് വലിയ പൈപ്പുകൾ സ്ഥാപിച്ചശേഷം മണ്ണിട്ട് നികത്തി ഇരുകരകളെയും ബന്ധിപ്പിച്ച് റോഡ് നിർമിച്ചിരിക്കുകയാണ്. നിർമാണസാമഗ്രികൾ ഇരുവശത്തേക്കും കൊണ്ടുപോകുന്നതിനു വേണ്ടിയാണിത്.
തോട്ടവാരത്ത് സർവീസ് റോഡിനു വേണ്ടിയുള്ള അടിപ്പാതയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പാലാംകോണത്ത് റോഡ് നിർമിക്കാനായി വൻതോതിൽ ഭൂമി ഇടിച്ചുതാഴ്ത്തിയിട്ടുണ്ട്. ഇവിടെ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. ഈ ഭാഗത്ത് വലിയതോതിൽ മണ്ണിടിച്ചിലുണ്ട്. സംരക്ഷണഭിത്തി നിർമാണമുൾപ്പെടെയുള്ള ജോലികൾ വേനൽക്കാലത്ത് ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ അതിനുവേണ്ടിയുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.
രാമച്ചംവിളയിൽ ബൈപ്പാസിനായി ചിറയിൻകീഴ് റോഡ് മുറിക്കുകയും ഭൂമി കുഴിച്ചുമാറ്റുകയും ചെയ്തു. എന്നാൽ സംരക്ഷണഭിത്തി നിർമാണമോ മേൽപ്പാല നിർമാണമോ ആരംഭിച്ചിട്ടില്ല. നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് അടുത്തിടെ ഇവിടെ ധർണയും നടന്നു. റോഡ് നിർമിക്കാനായി വയലുകൾ നികത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ ഒന്നുമായിട്ടില്ല. വേനൽക്കാലത്ത് ഈ പ്രവർത്തനങ്ങൾ നടത്താനായില്ലെങ്കിൽ മഴക്കാലം തീരുന്നതുവരെ വീണ്ടും കാത്തിരിക്കേണ്ടിവരും.
മണ്ണിടിച്ചിലുണ്ടാകുന്ന ഭാഗങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തത് വീടുകളുടെ നാശത്തിനിടയാക്കുമെന്ന ആശങ്കയും ഉയർത്തുന്നു. ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം ആഴാംകോണത്തുനിന്ന് തുടങ്ങി മാമം വരെയുള്ള 11.150 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമിക്കുന്നത്.
2022 ജൂലായ് മാസത്തിലാണ് നിർമാണം തുടങ്ങിയത്. ആർ.ഡി.എസ്.കമ്പനിക്കാണ് കരാർ. 30 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പാറ, മണ്ണ് എന്നിവയുടെ ലഭ്യതക്കുറവ് നിർമാണപ്രവർത്തനങ്ങളെ ബാധിച്ചു. ഇതേത്തുടർന്നാണ് പണികളുടെ വേഗം കുറഞ്ഞത്. 2025 ഡിസംബറിൽ പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന രീതിയിലാണ് പണികളുടെ പോക്കെങ്കിൽ അത് അസാധ്യമാകുമെന്നാണ് വിലയിരുത്തൽ.