ചേർത്തല: വാട്ട്‌സാപ്പ് കോളിലൂടെ ‘വെർച്വൽ അറസ്‌റ്റ്’ചെയ്‌ത് രണ്ടുദിവസം വീട്ടുതടങ്കലിലാക്കി ഭീഷണിപ്പെടുത്തി ചേർത്തലയിലെ വ്യാപാരിയിൽനിന്ന് 61 ലക്ഷം രൂപ തട്ടിയ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർ പിടിയിൽ. ലഖ്‌നൗ ബാലഗഞ്ച് ശുഭം ശ്രീവാസ്‌തവ, അമേഠി കത്തൗര മുഹമ്മദ് സഹിൽ എന്നിവരെയാണ് പ്രത്യേകസംഘം ശാസ്‌ത്രീയ അന്വേഷണത്തിലൂടെ യുപിയിൽനിന്ന് പിടിച്ചത്.
ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്‌റ്റേഷനിലെയും ഉയർന്ന ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. മൂന്ന് തവണയായി 61.40 ലക്ഷം രൂപ പ്രതികളുടെ നിയന്ത്രണത്തിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്തു. ഇരയുടെ മൊബൈൽ ഫോൺ നമ്പർ ഇതരസംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഭീഷണി.
സാധാരണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ വിലയ്‌ക്കെടുത്ത് തട്ടിച്ചപണം അവയിലേക്ക് എത്തിക്കുകയും ശേഷം വീതംവച്ച് ആഡംബരജീവിതത്തിന് ഉപയോഗിക്കുകയുമായിരുന്നു. തട്ടിപ്പിൽ പങ്കാളികളായ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. അവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങൾനീണ്ട അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതികളിലേക്ക് എത്തിയത്.