ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന വാമനപുരം പ്രസാദ് (59) ചടയമംഗലം പോലീസിന്റെ കസ്റ്റഡിയില്‍

ചടയമംഗലം: ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന വാമനപുരം പ്രസാദ് (59) ചടയമംഗലം പോലീസിന്റെ കസ്റ്റഡിയില്‍. നിലമേല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വഞ്ചികള്‍ കുത്തിത്തുറന്ന് 40,000 ത്തില്‍ അധികം രൂപ മോഷ്ടിച്ച കുറ്റത്തിനാണ് ഇയാളെ ചടയമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 2024 ഡിസംബര്‍ 24ന് നിലമേല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ചടയമംഗലം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മോഷണത്തിന് ഇയാള്‍ വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലാകുന്നത്. ചടയമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നിലമേല്‍ ക്ഷേത്രത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ കറങ്ങി നടക്കുകയും രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളും വീടുകളും നോക്കിവെച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, ശ്രീകാര്യം, വലിയതുറ, വഞ്ചിയൂര്‍, ചിറയിന്‍കീഴ്, ചടയമംഗലം പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. തെളിവെടുപ്പിന് ശേഷം ചടയമംഗലം പോലീസ് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കി.