ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന; ഇതുവരെ 54 കേസുകള്‍, കണ്ടെടുത്തത് ലഹരി വസ്തുക്കള്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളും വീടുകളും മറ്റു സ്ഥലങ്ങളും സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം എസ്ഐമാർ പരിശോധിച്ചു. ഇന്നലെ പുലർച്ചെ മുതലാണു സിറ്റി പരിധിയിൽ 306 ക്യാമ്പുകളിൽ പരിശോധന നടത്തിയത്. മിക്കയിടങ്ങളിൽ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെത്തി. വരും ദിവസങ്ങളിലും സമാനരീതിയിലുള്ള പരിശോധന സംഘടിപ്പിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 54 കേസുകളാണ് വിവിധ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറെയും നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വച്ചതിനാണ്. ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതിൽ നിന്നും നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളുടെ വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഹാൻസ് ,കൂൾ, ഗണേഷ്, തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്നതും ഇവരാണെന്നും വിവരം ലഭിച്ചു. ഇത് കണക്കിലെടുത്ത് വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.