സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്‌ ; ബുദ്ധികേന്ദ്രവും ,പിടിയിൽ , അറസ്‌റ്റിലായത്‌ 2 തയ്‌വാൻകാർ

ആലപ്പുഴ : സംസ്ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌ത ഏറ്റവും വലിയ ഓൺലൈൻതട്ടിപ്പിലെ പ്രധാന പ്രതികളായ രാജ്യാന്തര കുറ്റവാളികളെ കണ്ടെത്തി അറസ്‌റ്റ്‌ചെയ്‌ത്‌ കേരള പൊലീസ്‌. ഓഹരിവിപണിയിലൂടെ വൻലാഭം വാഗ്‌ദാനംചെയ്‌ത്‌ ചേർത്തലയിലെ ഡോക്‌ടർ ദമ്പതിമാരിൽനിന്ന്‌ 7.65 കോടി രൂപ തട്ടിയ കേസിൽ രണ്ട്‌ തയ്‌വാൻകാരാണ്‌ പിടിയിലായത്‌. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഓൺലൈൻതട്ടിപ്പിലെ ബുദ്ധികേന്ദ്രമായ തയ്‌വാൻ പൗരന്മാർ വാങ്‌ ചുൻവെയ്‌ (സുമോക്ക –- 26), ഷെൻ വെയ്‌ഹൗ (കൃഷ്‌ –-35) എന്നിവരുടെ അറസ്‌റ്റ്‌ കേരളപൊലീസിന്റെ അന്വേഷണ മികവിന്‌ മറ്റൊരു ഉദാഹരണമായി. രാജ്യത്തുതന്നെ ഓൺലൈൻ തട്ടിപ്പിൽ ഏറ്റവും കൂടുതൽ പ്രതികളെ അറസ്‌റ്റ്‌ചെയ്‌തത്‌ കേരളത്തിലാണ്‌.

കേസിൽ മുമ്പ്‌ പിടിയിലായ പ്രതികളിൽനിന്ന്‌ ലഭിച്ച വിവരങ്ങൾപ്രകാരം, ബംഗളൂരു കേന്ദ്രീകരിച്ചാണ്‌ ഇവർ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. പ്രതികൾ കേരള പൊലീസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. ഇവർക്കായി വലവിരിക്കുന്നതിനിടെയാണ്‌ പ്രതികളെ സമാനമായ സാമ്പത്തിക തട്ടിപ്പുകേസിൽ ഗുജറാത്ത് പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. തുടർന്ന്‌ ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷകസംഘത്തിന്‌ പ്രതികളെ കൈമാറുകയായിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽനിന്ന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചൊവ്വ വൈകിട്ട്‌ നാലിന്‌ ധൻബാദ്‌ എക്‌സ്‌പ്രസിൽ ആലപ്പുഴയിലെത്തിച്ചു. ചേർത്തല പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. ബുധനാഴ്‌ച ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങും.

2023 സെപ്‌തംബർമുതൽ 2024 മെയ്‌വരെയുള്ള കാലത്താണ് ഡോക്‌ടർ ദമ്പതികൾക്ക് പണം നഷ്‌ടമായത്. കേസിൽ ആദ്യം കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്‌ദുൾ സമദ് എന്നിവരെയും പിന്നീട്‌ ഇതരസംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും നിർമൽ ജെയിനെയും പിടികൂടി. ഇവരിൽനിന്നാണ്‌ മുഖ്യപ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്‌. ഒരുകോടിക്ക്‌ മുകളിലുള്ള തട്ടിപ്പായതിനാൽ സൈബർ പൊലീസിന്റ പങ്കാളിത്തത്തോടെ പ്രത്യേക സംഘമുണ്ടാക്കിയാണ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ കേസ്‌ അന്വേഷിച്ചത്‌.

സംസ്ഥാനത്ത്‌ നടന്ന മറ്റ്‌ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുകളിലും പ്രതികൾക്ക്‌ പങ്കുള്ളതായി പൊലീസ്‌ സംശയിക്കുന്നു.

ഓഹരി–-വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ നടക്കുന്ന ഓൺലൈൻ നിക്ഷേപ തട്ടിപ്പ്‌ അന്വേഷണത്തിലും പണം വീണ്ടെടുക്കലിലും ബോധവൽക്കരണത്തിലും മുന്നിൽ കേരള പൊലീസ്‌. രാജ്യത്ത്‌ കൂടുതൽ പ്രതികൾ വലയിലാകുന്നത്‌ കേരളത്തിലാണ്‌. ഓൺലൈൻ തട്ടിപ്പിലൂടെ 700 കോടി നഷ്ടമായപ്പോൾ 200 കോടി രൂപയും കഴിഞ്ഞ 11 മാസത്തിനിടെ വീണ്ടെടുത്തു.

വിവിധ കേസുകളിലായി 300 പേരെ അറസ്റ്റ്‌ ചെയ്‌തു. കേരളത്തിനു പുറത്തുള്ള പ്രതികളിലേക്ക്‌ എത്താനും കേരള പൊലീസിനായി.കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യുന്നതും കേരളമാണ്‌.

വ്യാജ അറിയിപ്പ്‌ ലഭിച്ചാലുടൻ അറിയിക്കണമെന്ന മുന്നറിയിപ്പും പൊലീസ്‌ നൽകുന്നു. തട്ടിപ്പിനിരയായാൽ ഒരുമണിക്കൂർ ‘ഗോൾഡൻ അവർ’ ആണ്‌. ഇതിനകം 1930 എന്ന നമ്പറിൽ പരാതി നൽകാം. പതിനായിരക്കണക്കിന്‌ വെബ്‌സൈറ്റ്‌ ലിങ്കും വെബ്‌സൈറ്റും ബാങ്ക്‌ അക്കൗണ്ടും ഇലക്ട്രോണിക്‌ ഉപകരണങ്ങളും സൈബർ വിഭാഗം ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്‌.