ബംഗ്ലാ കടുവകളുടെ മാനം രക്ഷിച്ച് ഹൃദോയ്; ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം, ഷമിക്ക് അഞ്ച് വിക്കറ്റ്

സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറിയതോടെ, തകര്‍ച്ചയെ തുറിച്ചുനോക്കിയ ബംഗ്ലാദേശിനെ രക്ഷിച്ച് തൗഹിദ് ഹൃദോയ്- ജാകിര്‍ അലി കൂട്ടുകെട്ട്. അവസാനം വരെ പൊരുതിയ ഹൃദോയ് സെഞ്ചുറി നേടി. ഷമിക്കായിരുന്നു വിക്കറ്റ്. ഇതോടെ, ദുബൈയില്‍ നടക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫി മത്സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 229 റണ്‍സ് ആണ്. കളി തീരാന്‍ രണ്ട് ബോള്‍ ബാക്കിനില്‍ക്കെ ബംഗ്ലാദേശിന്‍റെ എല്ലാവരും കൂടാരം കയറി.

114 ബോളില്‍ 68 റണ്‍സായിരുന്നു ജാകിറിന്റെ സംഭാവന. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്‌കോര്‍ 189ല്‍ എത്തിക്കാന്‍ ഇരുവര്‍ക്കുമായി. ഓപണര്‍ തന്‍സിദ് ഹസന്‍ 25ഉം റിഷാദ് ഹൊസൈന്‍ 18ഉം റണ്‍സെടുത്തു.ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ അടക്കം നാല് പേരാണ് സംപൂജ്യരായത്. പേസര്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് കൊയ്തു. ഹര്‍ഷിത് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ തന്‍സീദ് ഹസനും സൗമ്യ സര്‍ക്കാറുമാണ് ഓപണ്‍ ചെയ്തത്. മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബോളിങ് ഓപണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാറിനെ പുറത്താക്കാന്‍ ഷമിക്ക് സാധിച്ചിരുന്നു.