മുംബൈ : ഐപിഎൽ ക്രിക്കറ്റിന്റെ പതിനെട്ടാം സീസൺ മാർച്ച് 22ന് തുടങ്ങും. ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. രാത്രി 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് കളി. മെയ് 25ന് ഫൈനലും ഇവിടെയാണ്. പുതിയ സീസൺ മത്സരക്രമം പുറത്തിറക്കി. ഓരോടീമിനും 14 കളിയുണ്ടാകും.
മാർച്ച് 23ന് രണ്ട് കളിയുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദ് പകൽ 3.30ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി 7.30ന് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. 24ന് ഡൽഹി ക്യാപിറ്റൽസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലാണ് കളി. 25ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സിനെതിരെ പോരാട്ടത്തിനിറങ്ങും. 65 ദിവസം 13 വേദികളിലാണ് മത്സരങ്ങൾ. ആകെ 74 മത്സരങ്ങൾ. മെയ് 20ന് ആദ്യ ക്വാളിഫയറും 21ന് എലിമിനേറ്ററും ഹൈദരാബാദിൽ നടക്കും. രണ്ടാം ക്വാളിഫയർ മെയ് 23നാണ്.
മുംബൈയും ചെന്നൈയും അഞ്ചുതവണ ജേതാക്കളാണ്. കൊൽക്കത്ത മൂന്ന് കിരീടം നേടി.