ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചതായി പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എൻആർഐ മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചർച്ച ചെയ്യുമെന്നും ധലിവാൾ കൂട്ടിച്ചേർത്തു.
യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചർച്ചകളിൽ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.
നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയഗോ, കലിഫോർണിയ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്. ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.