അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ ചാംപ്യന്മാർ.

അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ ചാംപ്യന്മാർ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടർ 19 വനിത ലോകകിരീടം നേടുന്നത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ നിശ്ചിത 20 ഓവറിൽ 82 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.


നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ യുവനിര ബാറ്റിങ് തിരഞ്ഞെടുത്തു. സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യൻ യുവനിര ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. ഗോങ്കടി തൃഷ നാല് ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ആയുഷി ശുക്ല നാല് ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ ഒമ്പത് റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. നാല് ഓവറിൽ ആറ് റൺസ് മാത്രം വിട്ടുനൽകിയാണ് പരുണിക സിസോദിയ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.ദക്ഷിണാഫ്രിക്കയ്ക്കായി 23 റൺസെടുത്ത മീകെ വാന്‍ വൂസ്റ്റ് ആണ് ടോപ് സ്കോററായത്. ജെമ്മ ബോത്തയും 16 റൺസും ഫയ് കൗളിംഗ് 15 റൺസും നേടി. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യയ്ക്ക് എട്ട് റൺസെടുത്ത ജി കമലാനിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഗോങ്കടി തൃഷ 44 റൺസോടെയും സനിക ചാല്‍ക്കെ 26 റൺസോടെയും പുറത്താകാതെ നിന്നു.