മലയാള ചലച്ചിത്ര ഗാനശാഖയെ തന്റെ പാട്ടുകളിലൂടെ സമ്പന്നമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്

മലയാള ചലച്ചിത്ര ഗാനശാഖയെ തന്റെ പാട്ടുകളിലൂടെ സമ്പന്നമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ് . കാവ്യ വസന്തം നെഞ്ചിലേറ്റിയ ആ മഹാപ്രതിഭ ഇന്നും ഒരു പിടി നല്ല ഗാനങ്ങളിലൂടെ ജീവിക്കുകയാണ്.
ഗിരീഷ് പുത്തഞ്ചേരി - മലയാള സിനിമയെന്ന നഭസ്സിൽ വിഹരിച്ച ശുക്രനക്ഷത്രം. ONV കുറുപ്പ് നും, കൈതപ്രത്തിനും ഒപ്പം, ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരി ... ഷഡ്കാല ഗിരീഷ് പുത്തഞ്ചേരി എന്ന് വിളിക്കാൻ ആണ് ആഗ്രഹം, എന്തൊക്കെ ആണ് അദ്ദേഹം എഴുതി കൂട്ടിയിരിക്കുന്നത്... നമ്മൾ ദിനവും കേൾക്കുന്ന പാട്ടുകളിൽ ഒരെണ്ണം എങ്കിലും ഗിരീഷ് പുത്തഞ്ചേരി എഴുതിയത് ആയിരിക്കും. അത്രയേറെ മലയാളികളുടെ മനസിനെ സ്വാധീനിച്ചിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരിയും, അദ്ദേഹത്തിന്റെ എഴുതുകളും... ഇപ്പോഴും മനസിനെ വേദനിപ്പിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ വേർപാട്... 
അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മുൻപിൽ  പ്രണാമം🌹
ഇന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമദിനം..... 

ജ്യോതിഷം, വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പുളിക്കൂൽ കൃഷ്ണൻ പണിക്കരുടെയും കർണ്ണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനായി 1959 മെയ് 1 ആം തിയതി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി ജനിച്ചത്.

പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള്‍, പാലോറ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് ഗവ: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തീകരിച്ചു.

പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങള്‍ എഴുതികൊണ്ടാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. ‘എന്‍ക്വയറി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിക്കൊണ്ടാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. 

മുന്നൂറില്‍ അധികം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ഏഴ് തവണ ലഭിച്ചിട്ടുണ്ട്.
 
ഗാനരചനയില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല ഗിരീഷിന്റെ സിനിമാ മേഖലയിലെ വിരല്‍സ്പര്‍ശം. മൂന്ന് വീതം മലയാള സിനിമകള്‍ക്ക് ഗിരീഷ് കഥയും തിരക്കഥയും ഒരുക്കി. 

മേലേപ്പറമ്പില്‍ ആണ്‍വീട്, കിന്നരിപ്പുഴയോരം, കേരളാ ഹൗസ് ഉടന്‍ വില്‍പ്പനയക്ക് തുടങ്ങി പ്രേക്ഷകരെ ചിരിപ്പിച്ച സിനിമകളുടെ കഥ ആ തൂലികത്തുമ്പില്‍ വിരിഞ്ഞവയായിരുന്നു. 

ബ്രഹ്മരക്ഷസ്, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍ എന്നീ ശ്രദ്ധേയമായ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുവാനും ഗിരീഷ് പുത്തഞ്ചേരിക്ക് കഴിഞ്ഞു.

ഷഡ്ജം, തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. 

വിരല്‍ത്തുമ്പില്‍ അക്ഷരങ്ങളുടെ അക്ഷയപാത്രം ഒളിപ്പിച്ച അക്ഷരങ്ങളുടെ കൂട്ടുകാരന്‍, അക്ഷരങ്ങളില്ലാത്ത ലോകത്തേക്ക് മറഞ്ഞത് 2010 ഫെബ്രുവരി 10 ആം തിയതിയായിരുന്നു.

അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞിട്ട് വർഷങ്ങൾ കടന്ന് പേയിട്ടും കണ്ണു നനയിക്കുന്ന അമ്മ മഴക്കാറും ആരോടും മിണ്ടാതെയും മിഴികളില്‍ നോക്കാതെയകലുന്ന വിരഹവും പിന്നെ എത്ര കേട്ടാലും മതിവരാത്ത കണ്ണീര്‍പ്പൂവും തോരാതെ പിന്നെയും പെയ്തു കൊണ്ടോയിരുന്നു.

അദ്ദേഹം സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും മലയാളിയുടെ മനസില്‍ തുള്ളിത്തുളുമ്പുന്നുണ്ട്.