ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 13 ലക്ഷം നഷ്ടമായി

 തിരുവനന്തപുരത്ത് ഷെയർ ട്രേഡിങ്ങിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ഓൺലൈൻ തട്ടിപ്പിൽ ചെമ്പഴന്തി സ്വദേശിയായ യുവാവിന് 13 ലക്ഷം രൂപ നഷ്ടമായി. വ്യാജമായി നിർമ്മിച്ച ഇലക്ട്രോണിക് രേഖകളിലൂടെ അംഗീകൃത ഷെയർ ട്രേഡിങ് ഏജൻസി ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും ഗ്രൂപ്പിലെ അംഗങ്ങൾക്ക് നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് സ്ക്രീൻ ഷോട്ടുകളും രേഖകളും ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടെ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ആപ്പിൽ നിക്ഷേപിച്ച തുകയ്ക്ക് വൻ ലാഭം കാണിച്ചതോടെ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. ഇയാൾ പലതവണയായി 11 അക്കൗണ്ടുകളിലേക്ക് പണം അയച്ചു. എന്നാൽ തുക നാലിരട്ടി ആയതോടെ പണം പിൻവലിക്കാൻ കഴിഞ്ഞില്ല. പണം പിൻവലിക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് നികുതിപ്പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് അക്കൗണ്ടിലേക്കും പണം അയച്ചു. എന്നിട്ടും തുക തിരിച്ച് കിട്ടാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു.