സ്വർണവിലയിൽ പുതിയ ഉയരത്തിൽ. പവന് 120 രൂപ വർധിച്ച് 63,560 രൂപയായി ഉയർന്നു. ഗ്രാമിന്റെ വില 7945 രൂപയായാണ് വർധിച്ചത്. അധിക തീരുവ ചുമത്തി ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതോടെയാണ് സ്വർണവില ഉയരാൻ തുടങ്ങിയത്.
വ്യാപാര യുദ്ധത്തെ തുടർന്ന് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. സ്വർണത്തിനും ഡോണൾഡ് ട്രംപ് തീരുവ ചുമത്തുമെന്ന പ്രതീക്ഷയിൽ മഞ്ഞലോഹത്തിൽ നിക്ഷേപം നടത്തുന്നവർ ഏറെയാണ്. ഇതിനൊപ്പം ഗസ്സ ഏറ്റെടുക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷത്തിന് കാരണമാവുമോയെന്ന് ആശങ്കയുണ്ട്. ഇതും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.
ഇതിനൊപ്പം വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ കുറക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. 4.50 ശതമാനമായാണ് പലിശനിരക്ക് കുറച്ചത്.
ബാങ്ക് ഓഫ് കാനഡയും യുറോപ്യൻ സെൻട്രൽ ബാങ്കും പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതിനൊപ്പം ആർ.ബി.ഐയും കഴിഞ്ഞ ദിവസം പലിശനിരക്കുകളിൽ കുറവ് വരുത്തിയിരുന്നു.
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് സർവകാല റെക്കോഡിൽ എത്തിയത്.
നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സർവകാല റെക്കോഡിലേക്കും സ്വർണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്.