കഴിഞ്ഞ ദിവസം വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവൻ (79 ), ഭാര്യ സുഷമ്മ (73)എന്നിവരെ മകൾ സിജി വീടിന് പുറത്താക്കി വാതിൽ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ തയ്യാറായിരുന്നില്ല. പിന്നാലെ അർബുദരോഗിയായ സദാശിവൻ്റേയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനൽ വഴി മകൾ പുറത്തേക്കിടുകയായിരുന്നു. അച്ഛനെയും അമ്മയെയും ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായിരുന്നില്ല തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇവർ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറുകയായിരുന്നു.വൃദ്ധരായ മാതാപിതാക്കളുടെ പരാതിയിൻമേൽ മകൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും, സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിനും, വഞ്ചന കുറ്റത്തിനുമാണ് അയിരൂർ പൊലീസ് മകൾ സിജിക്കും, ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ആർഡിഒയ്ക്കും നിർദ്ദേശം നൽകി. കേസെടുത്തതിന് പിന്നാലെയാണ് വൃദ്ധ ദമ്പതികൾക്ക് വീടിൻറെ താക്കോൽ തിരികെ ലഭിച്ചത്. മകൾ സിജി സഹോദരൻ സാജനെ ഏല്പിച്ച താക്കോൽ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇവർ വീട്ടിലെത്തുന്നതിന് മുൻപ് തന്നെ മകളും കുടുംബവും വീട്ടിൽ നിന്ന് മാറിയിരുന്നു. സ്വത്ത് തർക്കത്തിന്റെ പേരിൽ നേരത്തെയും അച്ചനെയും അമ്മയെയും സിജി വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു.