വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്നോര്‍ത്ത് തലപുകയ്‌ക്കേണ്ട; ഇനി ‘സ്മാര്‍ട്ട് ട്രിവാന്‍ഡ്രം’ നോക്കും !

തിരുവനന്തപുരം നഗരത്തിന്റെ മുഖം മാറാനൊരുങ്ങുന്നു. തിരുവനന്തപുരം നഗരത്തിലും മെഡിക്കല്‍ കോളേജ് പരിസരങ്ങളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇനി കൂടുതല്‍ സിംപിളാകും. കോര്‍പ്പറേഷന്റെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഒഴിവറിയാനും പാര്‍ക്കിങ് ബുക്ക് ചെയ്യാനും ആപ്പിലൂടെ സൗകര്യമൊരുക്കുകയാണ് അധികൃതര്‍.

സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലാണ് പാര്‍ക്കിങ്ങിന്റെ പുതിയ സംവിധാനം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ അടുത്തുള്ള പാര്‍ക്കിങ് സംവിധാനം അറിയുവാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ആപ്പില്‍ മുന്‍കൂട്ടി ബുക്കിങ് നടത്താനും സാധിക്കും.കോര്‍പ്പറേഷന്റെ തമ്പാനൂര്‍, പാളയം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങും കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലെ പാര്‍ക്കിങ് സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയില്‍ ആപ്പില്‍ ഉള്‍പ്പെടുത്തുക.

നഗരത്തില്‍ പാര്‍ക്കിങ് ബുദ്ധിമുട്ട് ഒഴിവാക്കാനും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയാനും പുതിയ സംവിധാനം ഉപകാരപ്പെടും. രണ്ടാം ഘട്ടത്തില്‍ റോഡുകളിലെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തും.